കൊച്ചി: വിവാഹ ഫോട്ടോ ഷൂട്ട് വൈറലാക്കാൻ എന്തും ചെയ്യുന്നവരാണ് പുത്തൻ തലമുറ. കടലിലും കായലിലും എന്തിനേറെ ചെളിവെള്ളത്തിൽ വരെ വധു വരന്മാർ പോസ് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ വിവാഹ ഷൂട്ടിങ് എവിടെ നടത്തണമെന്ന് ആലോചിക്കുന്നവർക്കു മുന്നിലേക്ക് പുതിയ വാതിൽ തുറക്കുകയാണ് കൊച്ചി മെട്രോ. ഇനി മെട്രോ ട്രെയിനിൽ കയറിയും വിവാഹ ഫോട്ടോ ഷൂട്ട് ചെയ്യാം.

അതിരുകളില്ലാതെ ആശയങ്ങൾ പരീക്ഷിക്കപ്പെടുന്ന വിവാഹ ഫൊട്ടോഗ്രഫി രംഗത്തേക്കാണു മെട്രോയുടെ രംഗപ്രവേശം. കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു വിവാഹ ഷൂട്ടിങ്ങിനും മെട്രോ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്കു നൽകുന്നത്. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. ആലുവയിൽ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട്ട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകൾ നൽകണമെന്നു മാത്രം.

നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചിൽ 2 മണിക്കൂർ നേരം ഷൂട്ട് ചെയ്യണമെങ്കിൽ 5,000 രൂപയാണു നിരക്ക്. മൂന്നു കോച്ചാണെങ്കിൽ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കിൽ ഒരു കോച്ചിന് 8,000 രൂപ. മൂന്നു കോച്ചാണെങ്കിൽ 17,500 രൂപ. ഇതിനു പുറമേ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു കോച്ചിനു 10,000 രൂപയും 3 കോച്ചുകൾക്ക് 25,000 രൂപയും നൽകണം. ഷൂട്ടിങ്ങിനു ശേഷം ഈ പണം തിരികെ ലഭിക്കും.