മുംബൈ: ഊർജ, ഇന്ധന വില കുറച്ചില്ലെങ്കിൽ രാജ്യം വലിയ സാമ്പത്തിക പ്രശ്‌നത്തിലേക്ക് നീങ്ങും. എണ്ണ വില വർധനയെത്തുടർന്ന് ഏപ്രിലിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 15.08 ശതമാനത്തിലേക്കുയർന്നു. 31 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനുമുമ്പ് 1991 ഓഗസ്റ്റിലാണ് ഉയർന്ന നിരക്കായ 16.06 ശതമാനം രേഖപ്പെടുത്തിയത്. ഇങ്ങനെ മുമ്പോട്ട് പോയാൽ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. എണ്ണവിലയുടെ ഉയച്ച തന്നെയാണ് ഇതിന് കാരണം.

തുടർച്ചയായ 13-ാം മാസവും മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുകയാണ്. 2021 ഏപ്രിലിൽ 10.74 ശതമാനവും കഴിഞ്ഞ മാർച്ചിൽ 14.55 ശതമാനവുമായിരുന്നു. ഇത് സാധാരണക്കാരുടെ ജീവിതമാണ് വഴി മുട്ടിക്കുന്നത്. ജീവൻ നിലനിർത്താൻ പോലും സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. കമ്പനികൾ, അല്ലെങ്കിൽ വ്യവസായ സ്ഥാപനങ്ങൾ മൊത്തമായി വാങ്ങുന്ന അസംസ്‌കൃതവസ്തുക്കളുടെ ശരാശരിവിലയെ അടിസ്ഥാനമാക്കിയാണ് മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രണാതീതമായ സാഹചര്യത്തിൽ റിസർവ്ബാങ്ക് ഈ മാസം റിപ്പോനിരക്ക് 0.40 ശതമാനം വർധിപ്പിച്ചു. അടുത്ത ദ്വൈമാസ യോഗത്തിലും റിപ്പോനിരക്ക് വർധിപ്പിച്ചേക്കും. വിപണിയിൽ പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ്ബാങ്കിന്റെ ശ്രമം. കേന്ദ്ര സർക്കാർ കുറഞ്ഞ റിപ്പോനിരക്ക് പ്രതീക്ഷിച്ചാണ് മുന്നോട്ടുപോയത്. രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നതും കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു.

കമ്പനികൾക്ക് അസംസ്‌കൃതവസ്തുക്കൾക്കായുള്ള ചെലവ് ഉയരുന്നതാണ് പ്രത്യക്ഷത്തിൽ ഇതിന്റെ പ്രത്യാഘാതം. ഈ അധികച്ചെലവ് ഉത്പന്നങ്ങളുടെ വിലകൂട്ടിയാകും കമ്പനികൾ തിരിച്ചുപിടിക്കുക. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വസ്തുക്കളുടെ വില ഉയരാൻ ഇതു കാരണമാകും. ഇതാണ് പ്രതിസന്ധി. ധാതു എണ്ണ, ലോഹങ്ങൾ, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കൾ, പച്ചക്കറി, ഭക്ഷ്യേതര ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, രാസ ഉത്പന്നങ്ങൾ തുടങ്ങി എല്ലാ വസ്തുക്കൾക്കും വിലകൂടി.

ഭക്ഷ്യവസ്തുക്കളുടെ വിലവർധന മാർച്ചിലെ 8.06 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8.35 ശതമാനത്തിലെത്തി. ഇന്ധന-ഊർജ വിഭാഗത്തിൽ 34.52 ശതമാനത്തിൽനിന്ന് 38.66 ശതമാനമായും ഉപഭോക്തൃ ഉത്പന്നങ്ങളുടേത് 10.71 ശതമാനത്തിൽനിന്ന് 10.85 ശതമാനമായും പച്ചക്കറികളുടേത് 19.88 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 23.24 ശതമാനമായുമാണ് വർധന രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം ഏപ്രിലിൽ 69.07 ശതമാനത്തിലെത്തി.

സാധാരണക്കാർക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പണപ്പെരുപ്പം ഏപ്രിലിൽ എട്ടുവർഷത്തെ ഉയർന്ന നിലവാരമായ 7.79 ശതമാനത്തിലെത്തിയിരുന്നു. മാർച്ചിലെ 6.95 ശതമാനത്തെക്കാൾ 0.84 ശതമാനമാണ് ഒറ്റമാസംകൊണ്ട് കൂടിയത്. ഇതിൽ 30 ശതമാനം വിഹിതവും ഇന്ധനവില വർധനയുടേതാണ്.