ബ്രിട്ടന്റെ ഉറക്കം കെടുത്തുന്ന കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെയാകാം പകരുന്നതെന്ന് യു കെയിലെ ആരോഗ്യരംഗത്തെ പ്രമുഖർ കരുതുന്നു. നിലവിലെ കേസുകൾക്ക് കാരണമായത് ലൈംഗിക ബന്ധമാണോ എന്ന കാര്യം ശാസ്ത്രജ്ഞന്മാർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വിരളമായ ഈ രോഗം സാധാരണയായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുക. എന്നാൽ, ഇത് ഒരിക്കലും ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ടിരുന്നില്ല.,

ഇതുവരെ മൊത്തം ഏഴുപേർക്കാണ് ബ്രിട്ടനിൽ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ ആറുപേർക്ക് ഇത് ബാധിച്ചത് ബ്രിട്ടനിൽ വെച്ചു തന്നെയാണ്. അതായത്, സമൂഹവ്യാപനം ആരംഭിച്ചിരിക്കുന്നു എന്ന് ചുരുക്കം. ഇതിൽ നാലുപേർ സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ളവരാണ്. ഈ വിഭാഗത്തിൽ പെടുന്നവരോടാണ് ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള തണിർപ്പുകളോ കുമിളകളോ ദേഹത്ത് കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ രോഗത്തിന്റെ വ്യാപന ഗതി സസൂക്ഷ്മം നിരീക്ഷിച്ചാൽ ലൈംഗിക ബന്ധത്തിലൂടെയാകാം ഇത് പടരുന്നത് എന്ന് അനുമാനിക്കാം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇതിന്റെ വ്യാപനം ഭയന്ന് സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകളിൽ വീണ്ടും സാമൂഹിക അകലം പാലിക്കൽ നിർബന്ധമാക്കിയ കാര്യം കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴെന്നതുപോലുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുക. നിലവിൽ രോഗം ബാധിച്ചവരിൽ ഭൂരിപക്ഷം പേരും സ്വവർഗ്ഗ രതിക്കാരോ, ബൈ സെക്ഷ്വലോ ആണെന്നത് രോഗവ്യാപനത്തിന് ലൈംഗിക ബന്ധവുമായുള്ള ബന്ധത്തെ തെളിയിക്കുന്നു എന്നാണ് ലണ്ടനിലെ പ്രമുഖ ലൈംഗിക രോഗ വിദഗ്ദൻ പറയുന്നത്. അതേസമയം, ലൈംഗികബന്ധത്തിലൂടെ മാത്രമല്ല ഇത് വ്യാപിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനെ ഒരു ലൈംഗിക രോഗമായി കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു.

കുരങ്ങു പനി ലൈംഗിക ബന്ധത്തിലൂടെ പടരുന്നത് ഇതിനു മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇപ്പോൾ അതിനുള്ള സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള ഗവേഷണങ്ങളുടെ ഫലം പറയുന്നത് എന്നാണ് യൂണിവേഴ്സിറ്റി ഓഫ്ര് എഡിൻബർഗിലെ പ്രൊഫസർ നീൽ മാബൊട്ട് പറയുന്നത്. സിഫിലീ, അഞ്ചാംപനി എന്നിവയോട് സമാനമായ ലക്ഷണങ്ങളാണ്കുരങ്ങു പനിക്കും ഉള്ളതെന്നതിനാൽ, ഇത് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണ്.