പാലാ: മീനച്ചിൽ സബ്ബ് രജിസ്ട്രാർ ആഫീസിൽ സബ്ബ് രജിസ്ട്രാറുടെ ഒഴിവ് അടിയന്തിരമായി നികത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന് എം എൽ എ കത്തയച്ചു.

കഴിഞ്ഞ മൂന്നു മാസമായി മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ സബ്ബ് രജിസ്ട്രാറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. മൂന്നു മാസം തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. സൂപ്രണ്ടിനാണ് സബ് രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുന്നത്. ഒപ്പം സൂപ്രണ്ടിന്റെ ചുമതലയും വഹിക്കുകയാണ്. പൂർണ്ണ ചുമതല നൽകാത്തതിനാൽ നിരവധി കാര്യങ്ങൾ തീർപ്പാക്കാനാവാതെ കിടക്കുകയാണ്. ഒരു ക്ലർക്കിന്റെ കുറവും ഉണ്ട്. അടിയന്തിരമായി ഇവ ഒഴിവുകൾ നികത്തി പരാതി പരിഹരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. സസ്‌പെൻഷനെത്തുടർന്നാണ് ഇരു തസ്തികകളിലും ഒഴിവുണ്ടായത്. തസ്തികയിൽ നിയമനം നടത്താത്തതു സംബന്ധിച്ചു വിവിധ സംഘടനകൾ മാണി സി കാപ്പൻ എം എൽ എ യ്ക്കു പരാതി നൽകിയിരുന്നു.

കുടുംബയോഗങ്ങൾ കുടുംബങ്ങളുടെ ദൃഢത വർദ്ധിപ്പിക്കും: മാർ ജേക്കബ് മുരിക്കൻ

പാലാ: കുടുംബയോഗങ്ങൾ കുടുംബങ്ങൾ തമ്മിലുള്ള ദൃഢത വർദ്ധിപ്പിക്കുമെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കാപ്പൻ കുടുംബയോഗ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

തങ്കച്ചൻ കാപ്പൻ അധ്യക്ഷത വഹിച്ചു. ഡോ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മേരി ജോസഫ് ദീപം തെളിച്ചു. ഫാ അഗസ്റ്റിൻ പാറപ്ലാക്കൽ, ഫാ ജോർജ് കാപ്പൻ, ഫാ ജോസഫ് കാപ്പൻ, പ്രൊഫ ജെ. സി. കാപ്പൻ, കെ സി ജോസഫ്, സിറിയക് തോമസ് കാപ്പൻ, ഡിജോ കാപ്പൻ, അഗസ്റ്റിൻ കാപ്പൻ, മാണി സി കാപ്പൻ എം എൽ എ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ, ഫാ അഖിൽ എസ് കാപ്പൻ എന്നിവർക്കു സ്വീകരണം നൽകി.