സിഡ്നിയിലെ പൊതുഗതാഗത സംവിധാനങ്ങൾ നേടുന്ന വരുമാനം പല ആഗോള നഗരങ്ങൾക്കും ഏറെ പിന്നിലാണെന്നാണ് കണക്ക്. ഇതിന്റെ പേരിൽ നിരക്ക് വർദ്ധനയ്ക്ക് കളമൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.എൻഎസ്ഡബ്യുവിലെ ട്രാൻസ്പോർട്ട് സേവനങ്ങൾക്കായി ചെലവാക്കുന്നതിന്റെ 10 ശതമാനം മാത്രമാണ് യാത്രക്കാരുടെ നിരക്കുകളും, മറ്റ് വരുമാനങ്ങളും കൊണ്ട് കവർ ചെയ്യുന്നതെന്നാണ് പുറത്തുവന്ന രേഖ വ്യക്തമാക്കുന്നത്.

ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫെറി സർവ്വീസ് പോലും പകുതി പ്രവർത്തന ചെലവിന് സർക്കാർ ഫണ്ടിംഗിനെ ആശ്രയിക്കുന്നു. വരുമാനം കൂട്ടുകയാണ് ദീർഘകാലത്തേക്ക് സേവനങ്ങളെ പിടിച്ചുനിർത്താൻ അനിവാര്യമായ നടപടിയെന്ന് സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലണ്ടൻ പൊതുഗതാഗതത്തിന്റെ 91 ശതമാനം വരുമാനം തിരികെ നേടുമ്പോൾ ടൊറന്റോയിൽ 73 ശതമാനവും, ഷിക്കാഗോയിൽ 55 ശതമാനവും വരുമാനമുണ്ട്. ഈ അവസ്ഥയിൽ ട്രെയിൻ, ഫെറി സർവ്വീസുകളുടെ നിരക്കുകൾ വർദ്ധിപ്പിക്കാൻ എൻഎസ്ഡബ്യു ഗവൺമെന്റ് തീരുമാനിക്കുമെന്നാണ് കരുതുന്നത്.

പുതിയ റിപ്പോർട്ട് പുറത്ത് വന്നതോടെ വരും ദിവസങ്ങളിൽ യാത്രക്കാർക്ക് വിലക്കയറ്റം പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും പുറത്ത് വരുന്നുണ്ട്.