ഒമാനിൽ എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്ക് ഇ-പേയ്മെന്റ് സംവിവിധാനമൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. സ്വർണം, വെള്ളി അടക്കമുള്ളവ എട്ട് വിഭാഗങ്ങളിൽ ഇ-പേയ്മെന്റ് സംവിധാനം ഒരുക്കിയിട്ടില്ലെങ്കിൽ 100 റിയാൽ പിഴ ചുമത്തും.

ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, സ്വർണം, വെള്ളി ആഭരണങ്ങളുടെ വിൽപന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി, പഴവർഗ്ഗ വ്യാപാരം, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വ്യാപാരം, കെട്ടിട നിർമ്മാണ ഉൽപന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് ഇ-പേയ്മെന്റ് നിർബന്ധമാക്കിയത്. വ്യവസായ മേഖല, കോപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകൾക്കും ഇ-പേയ്മെന്റ് നിർബന്ധമാണ്.

ഉപഭോക്താവിന് പണമായോ ഇ-പേയ്മെന്റ് സേവനങ്ങൾ വഴിയോ പണമടക്കാൻ അവകാശമുണ്ട്. സ്ഥാപനങ്ങൾക്ക് ഇ-പേയ്മെന്റ് മെഷീനുകൾ വേണ്ട സൗകര്യങ്ങൾ നൽകണമെന്നും ഇവ ഇൻസ്റ്റാൾമെന്റ് അടിസ്ഥാനത്തിൽ നൽകാൻ സൗകര്യം ഒരുക്കണമെന്നും സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇ-പേയ്മെന്റ് സംവിധാനത്തെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണ സമിതിക്ക് സമർപ്പിക്കാവുന്നതാണ്.