തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിലെത്തിച്ച് മാലിന്യ സംസ്‌കരണത്തിൽ കേരളം മാതൃക തീർക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷനടക്കമുള്ള സംവിധാനങ്ങളും സ്വച്ഛ് ടെക്നോളജി ചലഞ്ചിലെ ആശയങ്ങളും ഇതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിതമിത്രം - സ്മാർട്ട് ഗാർബേജ് മോണിട്ടറിങ് സിസ്റ്റം ആപ്ലിക്കേഷന്റെ സംസ്ഥാനതല ഉദ്ഘാടനവും ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്‌കരണ രംഗത്തെ നൂതനാശയങ്ങൾക്കായി സംഘടിപ്പിച്ച സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാനദാനവും തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്വച്ഛ് ടെക്നോളജി ചലഞ്ച് വിജയികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവും മന്ത്രി സമ്മാനിച്ചു.ശുചിത്വ മിഷൻ എക്സികുട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ സ്വാഗതം ആശംസിച്ചചടങ്ങിൽ നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ.ടി എൻ സീമ അധ്യക്ഷത വഹിച്ചു. കെൽട്രോൺ സി എം ഡി എൻ നാരായണമൂർത്തി വീഡിയോ ടുട്ടോറിയൽ പ്രകാശനവും നിർവഹിച്ചു. ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺ ചെയർമാൻ ലോഗോ പ്രകാശിപ്പിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ബ്രോഷർ പ്രകാശനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി ബാലമുരളി ബ്രോഷർ ഏറ്റുവാങ്ങി. നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, വർക്കല മുനിസിപ്പൽ ചെയർമാൻ എം ലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിതകേരളം കൺസൾട്ടന്റ് ടി പി സുധാകരൻ ചടങ്ങിന് നന്ദി അർപ്പിച്ചു.
മാലിന്യ സംസ്‌കരണ രംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി വേഗത്തിലുള്ള മാറ്റങ്ങൾക്ക് ഹരിതകേരളം മിഷന്റെ മേൽനോട്ടത്തിൽ ശുചിത്വ മിഷൻ ശ്രമം തുടരുകയാണ്.

ഇതിന്റെ ഭാഗമായി മാലിന്യ ശേഖരണവും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് തലങ്ങളിൽ കൂടുതൽ ക്രിയാത്മകമാക്കുന്നതിനും സുതാര്യമായി മാലിന്യശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്താനും കഴിയുന്ന രീതിയിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിങ് സിസ്റ്റം എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറായിരിക്കുകയാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി മാലിന്യശേഖരണം, തരം തിരിക്കൽ, കൈമാറ്റം എന്നിവയുടെ സമ്പൂർണ വിവരശേഖരണം നടത്തുവാനും തദ്ദേശ സ്വയംഭരണ സ്ഥാപന തലം മുതൽ സംസ്ഥാന തലം വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തന നിരീക്ഷണം ഉറപ്പു വരുത്തുവാനും സാധിക്കും.

മാലിന്യ നിർമ്മാർജന രംഗത്ത് പ്രാദേശികമായി വികസിപ്പിച്ച നൂതനാശങ്ങൾ കണ്ടെത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ 'സ്വച്ഛ് ടെക്നോളജി ചലഞ്ച്' സംഘടിപ്പിച്ചു. എല്ലാ നഗരസഭാ/കോർപ്റേഷനുകളുടെയും പ്രാതിനിധ്യത്തോടെയാണ് മൽസരം സംഘടിപ്പിച്ചത്.

'മാലിന്യ രഹിത നഗരങ്ങൾ' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായകമാവുന്ന തരത്തിൽ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ സാങ്കേതിക പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനും സ്വച്ഛ് ടെക്നോളജി ചലഞ്ച് ലക്ഷ്യമാക്കുന്നു. മൽസരത്തിൽ ഡോ. മിനി കെ മാധവൻ ഒന്നാം സ്ഥാനവും നിഖിൽ ദേവ് രണ്ടാം സ്ഥാനവും ഡോ. സി എൻ മനോജ്, മൂന്നാം സ്ഥാനവും നേടി.