ഇസ്‌ലാമാബാദ്: 75 വർഷം പാക്കിസ്ഥാനിൽ ജീവിച്ച മുംതാസ് ബീബി ഒടുവിൽ ജന്മനാട്ടിലെത്തി. ജീവിതത്തിൽ ഓർമ്മ വെച്ച ശേഷം ആദ്യമായി സഹോദരന്മാരെ കണ്ട മുംതാസ് അവരുടെ സ്‌നേഹാശ്ലേഷത്തിൽ കുഞ്ഞനുജത്തിയായി വിതുമ്പി.

പട്യാലയിൽ സിഖ് കുടുംബത്തിൽ ജനിച്ച മുംതാസ് ഇന്ത്യാ- പാക് വിഭജനത്തിന്റെ ചോരപ്പുഴയിലൂടെയാണ് പാക്കിസ്ഥാനിലെത്തുന്നത്. വിഭജനത്തെ തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട മാതാവിനു സമീപം കണ്ടെത്തിയ കുഞ്ഞിനെ എടുത്തുവളർത്തിയത് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള മുഹമ്മദ് ഇക്‌ബാലും ഭാര്യ അല്ല രാഖിയുമാണ്. സ്വന്തം മകളായി തന്നെ അവർ മുംതാസിനെ വളർത്തി. ഒരിക്കൽപോലും മുംതാസ് തങ്ങളുടെ മകളല്ലെന്ന് മുഹമ്മദ് ഇക്‌ബാൽ അവളോടു പറഞ്ഞിരുന്നുമില്ല. രണ്ട് വർഷം മുൻപ് മുഹമ്മദ് ഇക്‌ബാലിന്റെ ആരോഗ്യം മോശമായപ്പോഴാണ് മുംതാസിനോട് പഴയ കഥകളെല്ലാം പറഞ്ഞത്.

മുഹമ്മദ് ഇക്‌ബാലിന്റെ മരണ ശേഷം മുംതാസിന്റെ മകൻ ഷഹബാസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ തറവാട് പട്യാലയിലെ സിദ്രാനയിലാണെന്ന് കണ്ടെത്തിയത്. കർതാർപുർ ഇടനാഴിയിലൂടെ ദർബാർസാഹിബ് ഗുരുദ്വാരയിൽ നിന്ന് ഗുരുദാസ്പുരിലെ ദേരാ ബാബാ നാനാക് ദേവാലയത്തിലെത്തിയ കുടുംബങ്ങൾക്ക് അത് പുനഃസമാഗമ വേദിയായി. മുംതാസിനെ കാണാൻ സഹോദരങ്ങളായ ഗുർമീത് സിങ്, അമരിന്ദർ സിങ്, നരേന്ദ്ര സിങ് എന്നിവർ എത്തിയിരുന്നു. സിഖ് മതസ്ഥർക്ക് വീസയില്ലാതെ ഈ ഇടനാഴിയിലൂടെ ഇരു ഗുരുദ്വാരകളിലേയ്ക്കും യാത്ര ചെയ്യാം.