ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ മൈനുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ കാട്ടുതീയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച നിയന്ത്രണരേഖയ്ക്ക് അപ്പുറം ആരംഭിച്ച തീ മെന്ധർ സെക്ടറിൽ വച്ച് ഇന്ത്യൻ മേഖലയിലേക്കു കടക്കുകയായിരുന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന അരഡസനിലേറെ മൈനുകൾ ഇങ്ങനെ പൊട്ടിത്തെറിച്ചിട്ടുണ്ട്. 'കഴിഞ്ഞ മൂന്നു ദിവസമായി കാട്ടുതീ പടർന്നു പന്തലിക്കുകയാണ്. വനംവകുപ്പിനൊപ്പം സൈന്യവും ചേർന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. തീ ഒരു വിധം നിയന്ത്രണവിധേയമായതായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ ധരംഷൽ ബ്ലോക്കിലുണ്ടായ തീ കാറ്റിനെത്തുടർന്ന് വലിയ വേഗത്തിൽ വ്യാപിച്ചു' വനപാലകനായ കനാർ ഹുസൈൻ ഷാ പറഞ്ഞു.

അതിർത്തിയിലെ ഗ്രാമത്തിനു സമീപമെത്തിയപ്പോൾ സൈന്യം തീ നിയന്ത്രണവിധേയമാക്കി. രജൗറി ജില്ലയിൽ സുന്ദർബന്ധി മേഖലയിൽ അതിർത്തിയോടുചേർന്ന് മറ്റൊരു കാട്ടുതീയും പടരുന്നുണ്ട്. ഘംഭീർ, നിക്ക, പാങ്ഗ്രായെ ബ്രഹമന, മൊഘാല തുടങ്ങിയ വന മേഖലകളിലേക്കും തീ പടരുന്നുവെന്നാണ് വിവരം.