ചമ്രവട്ടം: ഭാരതപ്പുഴയിൽ വെള്ളം പൊങ്ങുന്നു. വെള്ളത്തിന്റെ ഒഴുക്ക് കൂടിയിട്ടും പുഴയിൽ അഴിച്ചു വിട്ട കന്നുകാലികളെ മാറ്റിക്കെട്ടാൻ ഉടമകൾ തയാറാകുന്നില്ല. ചുറ്റിലും വെള്ളം ഉയർന്നതോടെ പുഴയിലെ തുരുത്തുകളിൽ തമ്പടിച്ചിരിക്കുകയാണ് ഇവ. കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള ഭാഗത്ത് പുഴയിൽ നൂറുകണക്കിനു കന്നുകാലികളാണ് പുഴയിൽ മേഞ്ഞു നടക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ ഇവയെ വാങ്ങി അടയാളം വച്ച് പുഴയിൽ തള്ളുകയാണ് ചെയ്യുന്നത്. ഇവിടെയുള്ള പുല്ലും വെള്ളവും കഴിച്ച് വളർന്നു കഴിഞ്ഞാൽ നേരത്തേ പതിച്ച അടയാളം നോക്കി ഉടമകൾ തിരിച്ചെടുക്കും.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇത്തരത്തിൽ പുഴയിൽ കെട്ടിയ കന്നുകാലികൾ ഒഴുക്കിൽ പെട്ടിരുന്നു. പ്രളയ കാലത്ത് നേവിയുടെ മുങ്ങൽ വിദഗ്ധരാണ് ഇവയിൽ കുറച്ചെണ്ണത്തെ രക്ഷിച്ചത്. കഴിഞ്ഞ വർഷവും ഇത് ആവർത്തിച്ചതോടെ ബോട്ടിൽ പോയി നാട്ടുകാരാണ് ഇവയെ കരയ്‌ക്കെത്തിച്ചത്. ഇത്തവണയും കന്നുകാലിക്കൂട്ടങ്ങൾ പുഴയിലുണ്ട്. മഴ ശക്തമാകുമെന്ന അറിയിപ്പുകൾ ഉണ്ടായിട്ടും ഇവയെ മാറ്റിക്കെട്ടാൻ ആരും എത്തിയിട്ടില്ല. പൊടുന്നനെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ മൃഗസംരക്ഷണ വകുപ്പ് പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയിൽ നിന്ന് ഇവയെ രക്ഷിച്ച് വകുപ്പ് ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.