- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കപ്പെടുത്തുന്ന കുരങ്ങുപനി സ്പെയിനിലേക്കും പോർച്ചുഗലിലേക്കും പടർന്നു പിടിച്ചു; ആയിരക്കണക്കിന് ബ്രിട്ടീഷുകാർ രോഗബധിതരെന്ന് ആശങ്ക; ആറ് അമേരിക്കക്കാർ നിരീക്ഷണത്തിൽ; കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരി കൂടി
കോവിഡിന് ശേഷം മനുഷ്യകുലത്തിനു ഭീഷണിയാകുമെന്ന് ആശങ്കപ്പെടുന്ന കുരങ്ങുപനി പോർച്ചുഗലിലും സ്പെയിനിലും കണ്ടെത്തി. വളരെ വിരളമായ ഈ രോഗത്തിന്റെ ആഗോള വ്യാപനം ആരംഭിച്ചിരിക്കുന്നു എന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. രോഗം ബാധിച്ചവർ എന്ന് സംശയിക്കപ്പെടുന്ന എട്ടുപേർ സ്പെയിനിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ശരീരത്തിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധനകൾ നടന്നു വരികയാണ്.
ഈ രോഗം ബാധിച്ചവരെല്ലാവരും തന്നെ സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ളവരോ ഇരു ലിംഗങ്ങളിലും പെട്ടവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരോ ആണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, മാഡ്രിഡിലെ ഒരു ലൈംഗിക രോഗ ചികിത്സാ കേന്ദ്രത്തിലാണ് ഇവരുടെ മിക്കവരുടേയും രോഗം കണ്ടെത്തിയതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പോർച്ചുഗലിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 15 പേർ നിരീക്ഷണത്തിലാണ് എന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഈ രോഗം ബാധിച്ചവരെല്ലാവരും തന്നെ യുവാക്കളാണ്. പുരുഷന്മാരിൽ മാത്രമാണ് ഇതുവരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഇവർക്ക് രോഗബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ മദ്ധ്യ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും തിരികെ എത്തുന്നവർക്കോ അവരുമായി ബന്ധം പുലർത്തുന്നവർക്കോ മാത്രമായിരുന്നു ഈ രോഗം പിടിപെട്ടിരുന്നത്. മദ്ധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇത് സാധാരണമായ ഒരു പകർച്ച വ്യാധിയാണ്. എന്നാൽ, ഇപ്പോൾ അതിനു പുറത്തേക്കും രോഗം ബാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന ആശങ്കയാണ് വിദഗ്ദർ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ ഏഴ് പേർക്കാണ് ബ്രിട്ടനിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇവരിൽ ആറുപേർക്ക് ബ്രിട്ടനിൽ നിന്നു തന്നെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ, ഇവരിൽ പലരും പരസ്പരം ബന്ധപ്പെട്ടവരല്ല എന്നതാണ് പുതിയ ആശങ്ക ഉയരാൻ കാരണമായിരിക്കുന്നത്. ബ്രിട്ടനിലെ രോഗബാധിതരിൽ നാലുപേർ സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ളവരാണ്. ഇതുതന്നെയാണ് ലൈംഗിക ബന്ധം വഴി രോഗം പടരുന്നു എന്ന നിഗമനത്തിന് ശക്തിയേകുന്നത്.
എന്നാൽ, കോവിഡ് പോലെ ഈ രോഗം പടർന്ന് പന്തലിക്കുകയില്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ മൈക്രോബയോളജിസ്റ്റ് ആയ ഡോ/ സൈമൺ ക്ലാർക്ക് പറയുന്നത്. അതേസമയം, മാഡ്രിഡിൽ എട്ടുപേരെ നിരീക്ഷണ വിധേയമാക്കിയതിനെ തുടർന്ന് സ്പെയിനിൽ മുഴുവൻ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ രോഗം ഒരു മാഹാമാരിയായി മാറുവാൻ സാധ്യതയില്ല എന്നുതന്നെയാണ് സ്പെയിനിലെ ആരോഗ്യ വിദഗ്ദരും പറയുന്നത്. എന്നാൽ, ഇതിനെ നിസാരമായി തള്ളിക്കളയാനും ആകില്ലെന്ന് അവർ പറയുന്നു.
ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇത് പടരുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കുക എന്നതാണെന്ന് ശാസ്ത്രലോകത്തെ പ്രമുഖർ പറയുന്നു. സാധ്യമായ എല്ലാ വഴികളും ഇതിനായി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. ലോകമാകെ ഇതിനായുള്ള പഠനങ്ങളും ആരംഭിച്ചിരിക്കുകയാണ്. അതിനിടയിൽ പോർച്ചുഗലിൽ കുരങ്ങുപനിയെന്ന് സംശയിക്കപ്പെടുന്ന രോഗം ബാധിച്ചവർ എല്ലാവരും തന്നെ ലിസ്‌ബൺ, ടാഗസ് വാലി മേഖലകളിൽ നിന്നുള്ളവരാണെന്ന വാർത്തകൾ വരുന്നു.
ഇതുവരെ ആഫ്രിക്കയ്ക്ക് പുറത്ത് നാല് രാജ്യങ്ങളിൽ മാത്രമാണ് കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടൻ, അമേരിക്ക, ഇസ്രയേൽ, സിംഗപ്പൂർ എന്നിവയാണ് ആ രാജ്യങ്ങൾ. ഇവരിൽ പലരും നൈജീരിയ, ഘാന എന്നിവിടങ്ങൾ സന്ദർശിച്ചവരായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ, കുരങ്ങു പനിയുടെ വൈറസുകളെ പേറുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം മൂലം ഇത് പടരുന്നുണ്ട്.
എന്നാൽ, ബ്രിട്ടനിൽ അത്തരമൊരു സാധ്യത ഇല്ലാത്തതിനാൽ, രോഗബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാകാം ഇത് പടരുന്നത് എന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ