തികച്ചും പ്രതീക്ഷിക്കാതെ മറ്റൊരു മഹാമാരി കൂടി പൊട്ടിപ്പുറപ്പെടുന്നു എന്ന ആശങ്കയുണർത്തിക്കൊണ്ട് കുരങ്ങുപനി എന്നറിയപ്പെടുന്ന മങ്കിപോക്സ് ആഗോള തലത്തിൽ തന്നെ വ്യാപനം ആരംഭിച്ചിരിക്കുന്നു. ബ്രിട്ടനിൽ ഇതുവരെ ഏഴുപേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ പലരുംപരസ്പരം ബന്ധപ്പെട്ടവരല്ല എന്നത് കൂടുതൽ ആശങ്കയുണർത്തുന്നു. ഇതിനിടയിൽ സ്പെയിനിലും പോർച്ചുഗലിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയുണ്ടായി. അമേരിക്കയിൽ ആറുപേർ നിരീക്ഷണത്തിലാണ്.

ബ്രിട്ടനിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്വവർഗരതിയിൽ താത്പര്യമുള്ളവരാണ്. അതുപോലെ സ്പെയിനിൽ രോഗം ബാധിച്ചു എന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലിരിക്കുന്ന എട്ടുപേരും സ്വവർഗ്ഗ രതിക്കാരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതെല്ലാം കൊണ്ടുതന്നെ രോഗവ്യാപനം പ്രധാനമായും നടക്കുന്നത് ലൈംഗിക ബന്ധത്തിലൂടെയാണെന്ന അനുമാനത്തിന് ശക്തി വർദ്ധിച്ചിട്ടുണ്ട്.

സാധാരണ ഗതിയിൽ കുരങ്ങുപനി ബാധിക്കുന്ന 10 പേരിൽ ഒരാൾ വീതം മരണപ്പെടാറുണ്ട്. എന്നാൽ, ഇപ്പോൾ ആഗോളതലത്തിൽ വ്യാപിക്കുന്നത് കുറച്ചുകൂടി പ്രഹരശേഷി കുറഞ്ഞയിനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറിൽ ഒന്ന് വീതം മാത്രമായിരിക്കും മരണ നിരക്കെന്ന് വിദഗ്ദർ പറയുന്നു. കൊറോണയുടെ അതേ വ്യാപനരീതിയാണ് ഇക്കാര്യത്തിലും കാണുന്നത്. വുഹാനിൽ നിന്നെത്തിയ ആദ്യ വൈറസ് വളരെയേറെ പ്രഹരശേഷിയുള്ളതായിരുന്നു. എന്നാൽ, ശരീരം പ്രതിരോധ ശേഷി ആർജ്ജിക്കുകയും വാക്സിനുകൾ നിലവിൽ വരികയും ചെയ്തതോടെ വൈറസ് ദുർബലമായി.

ഏകദേശം വസൂരിക്ക് സമാനമാണ് കുരങ്ങു പനി എന്നതിനാൽ വസൂരിക്കുള്ള മരുന്നുകളും വാക്സിനുകളും ഈ രോഗാത്തിനെതിരെയും ഫലപ്രദമാകുമെന്ന് പറയപ്പെടുന്നു. അതുപോലെ രോഗബാധയുള്ള മനുഷ്യരുമായി വളരെ അടുത്ത് സമ്പർക്കം പുലർത്തിയാൽ മാത്രമാണ് ഇത് പടർന്നു പിടിക്കു. ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിൽ പനി പോലുള്ള ഒരു രോഗം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പഠനത്തിൽ 1958-ൽ ആയിരുന്നു ആദ്യമായി കുരങ്ങുപനി കണ്ടെത്തുന്നത്.

ആദ്യമായി മനുഷ്യരിൽ ഈ രോഗം സ്ഥിരീകരിക്കുന്നത് 1970 ൽ ആയിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആയിരുന്നു ആദ്യമായി മനുഷ്യരിൽ ഈ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആഫ്രിക്കയിൽ മറ്റു പലയിടങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് ആ ഭൂഖണ്ഡത്തിലേക്ക് യാത്ര ചെയ്തവരിൽ മാത്രമായിരുന്നു ഇത് കണ്ടെത്തിയിരുന്നത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു വഴി ഈ രോഗം പടരാമെങ്കിലും ഇത് ഒരു ലൈംഗിക രോഗമല്ല രോഗബാധിതർ ഉപയോഗിച്ച വസ്ത്രങ്ങൾ, ലിനൻ തുടങ്ങിയവയിലൂടെയും ശരീര സ്രവങ്ങളിലൂടെയും ഇത് പടർന്ന് പിടിക്കാം. പനി, തലവേദന, പേശീ വേദന, പുറം വേദന ലിങ് നോയ്ഡുകളീൽ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതുപോലെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം . ചുവന്നു തടിച്ച തണിർപ്പുകളും ഇതിന്റെ ലക്ഷണമാണ്.