വുഡ്ലാന്റ് (ടെക്‌സസ്) : കഴിഞ്ഞവാരം സ്റ്റാൻവിക് പ്ലെയിസിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സീനിയർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ മരണം ഫെന്റനിൽ ഓവർ ഡോസ് മൂലമാണെന്ന് ടോക്‌സിക്കോളജി റിപ്പോർട്ടിൽ വ്യക്തമായി .

ഐറിൻ സണ്ടർലാന്റ് (18) ഇവരുടെ കാമുകൻ ഗ്രിന്റെ ബ്ലോജറ്റ് (17) എന്നിവരാണ് സ്റ്റാൻവിക്ക് പ്ലെയിസിലുള്ള വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇവർ മരിച്ചു കിടന്ന റൂമിൽ നിരവധി മരുന്നുകൾ കണ്ടെത്തിയതായി സണ്ടർലാന്റിന്റെ മാതാവ് മാന്റി പറഞ്ഞു .

ഇരുവരുടെയും ഫോണിൽ ഇവർക്ക് മരുന്ന് നൽകിയതെന്ന് കരുതപ്പെടുന്ന അബ്ദുൽബായ്ത്ത് എഡിവെയ്സിന്റെ ഫോൺ സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു . 19 വയസ്സുള്ള ഈ യുവാവിന്റെ പേരിൽ കൺട്രോൾഡ് സബ്സ്റ്റൻസ് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി ഫെലനി ചാർജ് ചെയ്തിട്ടുണ്ട് . ഹൈസ്‌കൂൾ ഗ്രാജുവേഷന്ത യ്യാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും ദാരുണ മരണം സംഭവിച്ചത് .

2003 ൽ ചൈനയിൽ ജനിച്ച സണ്ടർലാന്റിനെ ദത്തെടുത്തതായിരുന്നു മാന്റിയും ഭർത്താവും. അനധികൃത മയക്കു മരുന്ന് നൽകി ഒരാളുടെ മരണത്തിന് ഇടയായാൽ മരുന്ന് നൽകിയ ആളുടെ പേരിൽ കേസ്സെടുക്കുന്നതിനുള്ള നിയമം ടെക്‌സസിൽ നിലവിലുണ്ട് . മയക്കു മരുന്ന് നൽകിയ അബ്ദുൽ ബായ്ത്തിനെ അടുത്ത ആഴ്ചയിൽ കോടതിയിൽ ഹാജരാക്കും .