- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പള തുല്യത ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് അയർലണ്ടിലെ മെഡിക്കൽ സയന്റിസ്റ്റുകൾ പണിമുടക്കിൽ; രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാരുടെ പണിമുടക്കിൽ വലഞ്ഞത് നിരവധി പേർ
ശമ്പള തുല്യത ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് അയർലണ്ടിലെ രണ്ടായിരത്തിലേറെ വരുന്ന മെഡിക്കൽ സയന്റിസ്റ്റുകൾ പണിമുടക്കുന്നു.മെഡിക്കൽ ലബോറട്ടറി സയന്റിസ്റ്റ്‌സ് അസോസിയേഷന്റെ (എം എൽ എസ് എ) നേതൃത്വത്തിൽ ആണ് രാജ്യവ്യാപകമായി മെഡിക്കൽ സയന്റിസ്റ്റുകൾ സമരവുമായി രംഗത്തുവന്നത്.
ഒരേ ജോലിയിലേർപ്പെട്ടിരിക്കുന്ന ലബോറട്ടറി ജീവനക്കാരുടേതിന് തത്തുല്യമായ വേതനം വേണമെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിനാളുകളുടെ രക്തപരിശോധനയടക്കമുള്ളവ മുടങ്ങി. 14000 ഓളം ഒ.പി അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. രാജ്യത്താകെയുള്ള ജിപി സർവ്വീസുകളെയും ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തേയും സമരം ബാധിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരുന്നു പണിമുടക്ക്.
ബയോകെമിസ്റ്റുകൾക്കുള്ള അതേ ശമ്പളം മെഡിക്കൽ സയന്റിസ്റ്റുകൾക്കും നൽകണമെന്ന് 2001ൽ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. എന്നിട്ടും ആദ്യ ശമ്പള പരിഷ്‌കരണം മുതൽ ഇക്കാര്യം സർക്കാർ പരിഗണിച്ചില്ല. ബയോ കെമിസ്റ്റുകളേക്കാൾ ശരാശരി 8% കുറവ് വേതനമാണ് മെഡിക്കൽ സയന്റിസ്റ്റുകൾക്ക് ലഭിക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട പബ്ലിക് സർവ്വീസ് എഗ്രിമെന്റ് ഗ്രൂപ്പ് ഈ മാസം 11ന് യോഗം ചേർന്നിരുന്നു. മെഡിക്കൽ സയന്റിസ്റ്റുകളുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഗ്രൂപ്പ് ശുപാർശ ചെയ്തു. തുടർന്ന് വിഷയം ഡബ്ല്യു ആർ സിക്ക് റഫർ ചെയ്തു. ഇതിനെ എം എൽ എസ് എ അനുകൂലിച്ചെങ്കിലും പണിമുടക്ക് പിൻവലിക്കാൻ സംഘടന തയ്യാറായില്ല.
ഈ മേഖലയിലെ 98% ജീവനക്കാരും സമരത്തെ അനുകൂലിച്ചു. സൂചനാ പണിമുടക്കിൽ ഫലമുണ്ടായില്ലെങ്കിൽ ഈ മാസം 24,25,31 തീയതികളിലും ജൂൺ ഒന്ന് രണ്ട് തീയതികളിലും വീണ്ടും പണിമുടക്കു നടത്തുമെന്നും സംഘടന അറിയിച്ചു.