- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പുറത്തായത് സ്‌കൂൾ മുറ്റത്ത് വേണ്ട സർക്കാരിന്റെ പരീക്ഷണങ്ങൾ വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വെക്കരുത് : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കെട്ടിടങ്ങൾ ഇല്ലാത്ത സ്‌കൂളുകൾക്ക് ക്ലാസ് മുറികൾക്കായി പൊളിക്കാൻ വെച്ച ലോ ഫ്‌ളോർ ബസുകൾനൽകുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളോടും വിദ്യാഭ്യാസ അവകാശങ്ങളോടുള്ള പരസ്യമായ പരിഹാസമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന് സംസ്ഥാന സെക്രട്ടറിയേറ്റ്.
ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് പൊതുഗതാഗതത്തിന് വാങ്ങി നഷ്ടത്തിലായി പൊളിക്കാൻ തീരുമാനിച്ച ലോ ഫ്‌ളോർ ബസ്സുകളാണ് സ്‌കൂളുകളിൽ ക്ലാസ് മുറികളാക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടി അംഗീകരിക്കാനാവില്ല എന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.
മതിയായ അടിസ്ഥാന സൗകര്യങ്ങളും ക്ലാസ്മുറികളുമെല്ലാം വിദ്യാർത്ഥികളുടെ അവകാശമാണ്. അത് ഉറപ്പുവരുത്തൽ സർക്കാരിന്റെ ഉത്തരവാദിത്തമാണ്.ഇത് ഉറപ്പാക്കുന്നതിന് പകരം സർക്കാരിന്റെ വികലമായ സമീപനങ്ങളും പരീക്ഷണങ്ങളും വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വെക്കുന്ന നീക്കം അനുവദിക്കാനാവില്ല.
ക്ലാസ് മുറികൾ പണിയുന്നതിന് കെ.ഇ.ആർ മാനദണ്ഡങ്ങളും, വ്യക്തമായ നിർദേശങ്ങളും നിലവിലുണ്ടായിരിക്കെ ഇത്തരം വികലമായ നടപടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കൂടി കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണ്.
മാറി വരുന്ന കലാവസ്ഥകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനും , ക്ലാസ് മുറികൾ നൽകുന്ന പഠനാനുഭവങ്ങൾ നൽകാലും ലോ ഫ്‌ളോർ ബസ്സുകൾക്കാവില്ല.
കോടികൾ ചെലവിട്ട് വാങ്ങിയ ബസ്സുകൾ പ്രവർത്തനരഹിതമായതിന്റെയും, സർവ്വീസ് മുടങ്ങി പോയതിലും ഗതാഗതവകുപ്പിലെ അഴിമതികളുടെയുമെല്ലാം കാരണം കൊണ്ട് പ്രതിസന്ധിയിലായ ഗതാഗത വകുപ്പ് മുഖം രക്ഷിക്കുന്നതിന് ഭാവി പിഴയൊടുക്കേണ്ടവരല്ല വിദ്യാർത്ഥികൾ.
വിവിധ സ്‌കൂളുകളും ലോ ഫ്‌ളോർ ബസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് മതിയായ കെട്ടിടങ്ങളും ക്ലാസ് മുറികളും ഇല്ലാത്ത നിരവധി സ്‌കൂളുകൾ ഇനിയുമുണ്ട് എന്നതിന്റെ ഉദാഹരണം മാത്രമാണ്. മതിയായ സീറ്റുകളുടെയും സ്‌കൂൾ കെട്ടിടങ്ങളുടെയും അപര്യാപ്ത മലബാർ ജില്ലകളിലെ സ്ഥിരം കാഴ്ചയാണ്.
കൊട്ടിയാഘോഷിക്കുന്ന ഹൈടെക്, പൊതു വിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ സർക്കാർ മുദ്രവാക്യങ്ങൾ കാപട്യമാണെന്നതിന്റെ തെളിവ് കൂടിയാണ് സർക്കാരിന്റെ ഈ പുതിയ നടപടികൾ.വിദ്യാർത്ഥി അവകാശങ്ങളോട് വികലമായ നടപടികളും സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാർ നടപടികളെ ശക്തമായ പ്രതിഷേധങ്ങളുമായി
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരുവിൽ ചോദ്യം ചെയ്യുക തന്നെ ചെയ്യാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്.മുജീബുറഹ്‌മാൻ, കെ.കെ അഷ്റഫ്, അർച്ചന പ്രജിത്ത്, ഫസ്‌ന മിയാൻ, മഹേഷ് തോന്നയ്ക്കൽ, ഫാത്തിമ നൗറീൻ, അമീൻ റിയാസ്, കെ.പി തശരീഫ് തുടങ്ങിയവർ സംസാരിച്ചു.