കുവൈത്ത് സിറ്റി: വിവാഹ ചടങ്ങിലെ അതിരുവിട്ട ആഘോഷങ്ങളിൽ മൂന്ന് പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വേദിക്ക് സമീപം വാഹനങ്ങൾ കൊണ്ട് അഭ്യാസം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയത്.

സംഭവം നടന്ന സ്ഥലവും പങ്കെടുത്ത ആളുകളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ പ്രത്യേക അനുമതി വാങ്ങി പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. വിവാഹ വേദിയിൽ തോക്ക് ഉപയോഗിച്ച് വെടിവെച്ച ഒരാളെയും സഹായം നൽകിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അനധികൃതമായി ആയുധം ഉപയോഗിച്ചതിനുൾപ്പെടെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലാവരെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.