ന്യൂഡൽഹി: രണ്ട് വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്‌ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാലം നിർമ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനയുടെ അധിനിവേശത്തിൻകീഴിൽ ഉള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു. രണ്ടാമതൊരു പാലമാണ് നിർമ്മിക്കുന്നതെന്നും അല്ല, ആദ്യത്തെ പാലം വികസിപ്പിക്കുന്നതാണെന്നും ചില സൂചനകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.

ചൈനയുമായി നയതന്ത്ര - സൈനിക തലത്തിൽ ചർച്ചനടത്തിവരികയാണെന്നും ഇത് തുടരുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മാർച്ചിൽ ഇന്ത്യ സന്ദർശിച്ച കാര്യം എല്ലാവർക്കും അറിയാം. ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. സേനാ പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും കഴിഞ്ഞ വർഷം ധാരണയിലെത്തിയ സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്.

തടാകത്തിന്റെ ഇരുവശത്തു നിന്നും പാലം നിർമ്മിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2020 മേയിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന നടത്തിയ കടന്നുകയറ്റത്തെത്തുടർന്ന് ആരംഭിച്ച സംഘർഷം പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണു പ്രകോപനം. ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ പറഞ്ഞു.

ഈ മേഖലയിൽ ചൈനീസ് സൈന്യത്തെ വേഗത്തിൽ വിന്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരത്തിൽ ഒരു പാലം നിർമ്മിക്കുന്നതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചൈനീസ് സേനയുടെ ആയുധപ്പുരയെ പാംഗോങ് തടാകത്തിന്റെ മറുകരയുമായി പാലം ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ്മാർഗം മറുകരയിലേക്കുള്ള ദൂരം 100 കിലോമീറ്ററിലധികം കുറയ്ക്കാനും കഴിയും. പ്രദേശത്തുടനീളം റോഡുകളും ചൈന നിർമ്മിക്കുന്നുണ്ട്. 2020 ഓഗസ്റ്റിൽ അപ്രതീക്ഷിത നീക്കത്തിലൂടെ തടാകത്തിനു സമീപമുള്ള മലനിരകളുടെ ഉയർന്ന മേഖലയിൽ ഇന്ത്യൻ സേന ആധിപത്യമുറപ്പിച്ചിരുന്നു.