- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോക്ക് മരിയൻ തീർത്ഥാടനം : ഒരുക്കങ്ങൾ പൂർത്തിയായി, ആയിരങ്ങൾ ശനിയാഴ്ച മാതൃസന്നിധിയിൽ ഒത്തുചേരും
ഡബ്ലിൻ: പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയർലണ്ടിലെ സീറോമലബാർ സഭയുടെ മരിയൻ തീർത്ഥാടനം മെയ് 21 ശനിയാഴ്‌ച്ച നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
ഗാൽവേ ബിഷപ്പ് എമിരിറ്റസ് ബ്രൻഡൻ കെല്ലി മുഖ്യാതിഥിയായിരിക്കും. നോക്ക് അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് തിരിതെളിക്കും.
റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരുന്ന അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ ഒന്നാണ് മെയ്മാസത്തിലെ മൂന്നാം ശനിയാഴ്ച നടത്തപ്പെടുന്ന സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓൺലൈനായി ആയിരുന്നു തീർത്ഥാടനം.
കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് പ്രാർത്ഥനഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകും.
അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.
ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് എമോൺ മാർട്ടിൻ, തൂം അതിരൂപത ആർച്ച്ബിഷപ് ഫ്രാൻസിസ് ഡഫി, യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, നോക്ക് തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് എന്നിവർ നോക്ക് തീർത്ഥാടനത്തിന് പ്രാർത്ഥനാശംസകൾ നേർന്നു.
അയർലണ്ടിലെ ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ആദരിക്കും.
സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിലിന്റേയും നാഷണൽ പാസ്റ്ററൽ കൗൺസിലിന്റേയും നേതൃത്വത്തിൽ നോക്ക് മരിയൻ തീർത്ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും 33 കുർബാന സെന്ററുകളിൽനിന്നുള്ള വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുക്കും.
തീർത്ഥാടനത്തിന്റെ ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടക്കാട്ട് (ഡബ്ലിൻ) ലോക്കൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഫാ. റോബിൻ (ലിമെറിക്ക്) ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മുറേലി (ബെൽഫാസ്റ്റ്), ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ (ബെൽഫാസ്‌റ്), ഫാ. ജോ പഴേപറമ്പിൽ (ബെൽഫാസ്‌റ്), ഫാ. ജിൽസൺ കോക്കണ്ടത്തിൽ (കോർക്), ഫാ. അക്വിനോ (വെക്‌സ്‌ഫോര്ഡ്), ഫാ. പോൾ തെറ്റയിൽ (ക്ലോൺമേൽ), ഫാ. ജോമോൻ കാക്കനാട്ട് (വാട്ടർഫോർഡ്), ഫാ. മാർട്ടിൻ പറോക്കാരൻ (കിൽക്കെനി), ഫാ. മാത്യു ചന്ദ്രൻകുന്നേൽ (ഡൺഡാൽക്ക് ), ഫാ. ജെയ്സൺ കുത്തനാപ്പിള്ളി (തുള്ളാമോർ), ഫാ. ജോഷി പറോക്കാരൻ (ഡെറി - പോര്ടഡൗൺ), എസ്. എം വൈ എം യൂറോപ്പ് കോർഡിനേറ്റർ ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
നോക്ക് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.