യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥീരികരിച്ച കുരങ്ങുപനി ഓസ്‌ട്രേലിയയിലും കണ്ടെത്തി.വിക്ടോറിയയിൽ ആണ് ഒരാൾക്ക് കുരങ്ങുപനി സ്ഥീരികരിച്ചത്.മറ്റൊരാൾ ന്യൂസൗത്ത് വെയിൽസിൽ നീരിക്ഷണത്തിലുമാണ്.മെയ്‌ 16ന് മെൽബണിൽ തിരിച്ചെത്തിയ 30 കാരനിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച വ്യക്തി ബ്രിട്ടനിൽ കുരങ്ങുപനി ബാധയുള്ള പ്രദേശം സന്ദർശിച്ചിരുന്നതായി അധികൃതർ പറഞ്ഞു. രോഗംബാധിച്ചയാൾ മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.ഫ്‌ളൂവിന് സമാനമായ രോഗലക്ഷണങ്ങളാണ് കുരങ്ങുപനി ബാധിച്ചിട്ടുള്ളവരിലും കാണുകയെന്ന് വിക്ടോറിയൻ ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

പനി, തലവേദന, പേശീ വേദന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചർമ്മത്തിൽ തടിപ്പും വീർത്ത ലിംഫ് നോഡുകളും രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു..ഈ വൈറസ് പെട്ടെന്ന് പടരുന്നതല്ല എന്ന് ചീഫ് ഹെൽത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു. സാധാരണ രണ്ടോ മൂന്നോ ആഴ്ചകൾക്കകം രോഗം ഭേദമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർമ്മത്തിലെ മുറിവുകളോ, പഴുപ്പ് ഉൾപ്പെടെയുള്ള ശരീരദ്രവമോ സ്പർശിക്കുന്നത് വഴി രോഗം പടരാം. ദീർഘനേരമുള്ള മുഖാമുഖ സമ്പർക്കത്തിൽ ശ്വാസം വഴിയും വൈറസ് പടരുമെന്നും അദ്ദേഹം പറഞ്ഞു.രോഗലക്ഷണങ്ങൾ ഉള്ളവർ ഏറ്റവും അടുത്ത ആശുപത്രിയിൽ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

ബ്രിട്ടൻ, സ്‌പെയിൻ, പോർച്ചുഗൽ, അമേരിക്ക, ഇറ്റലി, സ്വീഡൻ, ഫ്രാൻസ് കാനഡ എന്നീ രാജ്യങ്ങളിൽ അടുത്തിടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു.