- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റ് സ്റ്റോറുകളുമായി വില താരതമ്യം ചെയ്യാം; മികച്ച വില ഉറപ്പാക്കാൻ പുതിയ പ്രഖ്യാപനവുമായി യൂണിയൻ കോപ്
ദുബൈ: ഓഹരി ഉടമകളും ഗോൾഡ് തമായാസ് കാർഡ് ഉടമകളുമായ എല്ലാ ഉപഭോക്താക്കൾക്കും വേണ്ടി യൂണിയൻ കോപ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതി സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പ്രഖ്യാപിച്ചു. യൂണിയൻ കോപിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വില ദുബൈ വിപണിയിൽ യൂണിയൻ കോപിന്റെ എതിരാളികളായ മറ്റ് സ്റ്റോറുകളുമായി താരതമ്യം ചെയ്യാൻ ഇനി അവസരമുണ്ടാകും. വിലയിൽ വ്യത്യാസമുണ്ടെങ്കിൽ ആ തുക യൂണിയൻകോപ് ഉപഭോക്താക്കൾക്ക് തിരികെ നൽകും. നിബന്ധനകൾക്കും യൂണിയൻ കോപിന്റെ പരിശോധനകൾക്കും വിധേയമായിട്ടായിരിക്കും ഇത്. യൂണിയൻ കോപിൽ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ച തമായാസ് കാർഡിലേക്ക് ആയിരിക്കും വിലയിൽ വ്യത്യാസമുള്ള തുക നൽകുക.
അൽ വർഖ സിറ്റി മാളിലെ യൂണിയൻ കോപ് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് പുറമെ യൂണിയൻകോപിലെ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാരും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
ഉപഭോക്താക്കളുടെ ലാഭം ലക്ഷ്യമിട്ട് ദുബൈയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് യൂണിയൻ കോപ് സിഇഒ പറഞ്ഞു. മത്സരക്ഷമമായ വിലയിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ നൽകാൻ ചില്ലറ വിപണന രംഗത്തെ മറ്റ് സ്ഥാപനങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. മാത്രവുമല്ല, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും എല്ലാം അവർക്ക് അനുകൂലമായി സജ്ജമാക്കിക്കൊണ്ടും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയും വിലക്കയറ്റം പിടിച്ചുനിർത്തിയും വിപണിയിലെ വില നിയന്ത്രണത്തിന്റെ പ്രാഥമിക സൂചകങ്ങളായി മാറുമെന്നതുകൊണ്ടു തന്നെ വിപണിയിൽ ഇത്തരമൊരു പദ്ധതിയുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം സമൂഹത്തിന്റെ ക്ഷേമം തന്നെയാണ്. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും അവയുടെ സാധാരണ വിലയെ അപേക്ഷിച്ച് കൂടുതൽ മത്സരക്ഷമമായ വിലയിൽ ലഭ്യമാവും. ഇത് വിപണിയുടെ സ്ഥിരതയിലേക്കായിരിക്കും നയിക്കുക. തങ്ങൾ വിൽക്കുന്ന വില ഏറ്റവും കുറവാണെന്നും, അത് വിപണിയിലെ ഏറ്റവും നല്ല വിലയാണെന്നും ഒരു സ്ഥാപനത്തിനും അവകാശപ്പെടാൻ സാധിക്കില്ല. സ്ഥാപനങ്ങൾ തമ്മിൽ എപ്പോഴും വിലകളിൽ വ്യത്യാസമുണ്ടാവും. എന്നാൽ അവ പരിശോധിക്കപ്പെടുകയും താരതമ്യം ചെയ്യപ്പെടുകയും ഏറ്റവുമൊടുവിൽ ഉത്പന്നങ്ങളുടെ മികച്ച മൂല്യം കണ്ടെത്തുന്നതിലേക്ക് നയിക്കുകയും വേണം.
പുതിയ പദ്ധതിയുടെ പ്രയോജനം ഉപഭോക്താവിന് ലഭിക്കുന്നതിനായി ചില നിബന്ധനകൾ യൂണിയൻ കോപ് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവ് സാധനം വാങ്ങിയ ശേഷം 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ തന്നെ പണം തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ നൽകണം. താരതമ്യം ചെയ്യുന്ന ഉത്പന്നവുമായി ബ്രാൻഡ്, സൈസ്, കളർ, പാക്കേജിങ്, നിർമ്മിച്ച രാജ്യം, ബാർകോഡ് എന്നിവ യോജിക്കണം. ഇതിന് പുറമെ മറ്റ് സ്റ്റോറിലെ ഉത്പന്നത്തിന്റെ വാലിഡിറ്റി യൂണിയൻ കോപിൽ നിന്ന് വാങ്ങിയ ഉത്പന്നത്തിന്റെ വാലിഡിറ്റി തീയ്യതിയേക്കാൾ കുറഞ്ഞതാൻ പാടില്ല. ഉത്പന്നം പ്രൊമോഷണൽ ഓഫറുകൾ, മൊത്തവിൽപന, ക്ലിയറൻസ് സെയിൽ, എക്സ്‌പ്രസ് അല്ലെങ്കിൽ ഷോർട്ട് സ്‌പെഷ്യൽ ഓഫറുകൾ എന്നിവയുടെ ഭാഗമായിട്ടോ അല്ലെങ്കിൽ ഒരു പ്രത്യേക എണ്ണം സാധനങ്ങൾക്ക് മാത്രം ബാധകമാവുന്ന വിലയോ മറ്റ് ഇവന്റുകളുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ഓഫറുകളോ മറ്റ് സ്റ്റോറുകളിലെ വിലയിൽ വന്ന അപാകതകളോ ആവാൻ പാടില്ല. പിക്കപ്പ് സർവീസുകളിലൂടെ (ക്ലിക്ക് ആൻഡ് കളക്റ്റ്) വാങ്ങുന്ന സാധനങ്ങൾക്ക് പുതിയ പോളിസി ബാധകമാവില്ല. ദിവസേനയും ആഴ്ചയിലുമൊക്കെ വില വ്യത്യാസം വരുന്ന ഫ്രഷ് ഉത്പന്നങ്ങളായ മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, മാംസം, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്കും ഈ പോളിസി ബാധകമല്ല.
ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങി 24 മണിക്കൂറിനകം അതേ ശാഖയിൽ തന്നെ ഒരു 'റീഫണ്ട് റിക്വസ്റ്റ്' സമർപ്പിക്കാൻ യൂണിയൻ കോപ് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാഖയിലെ മാനേജർ അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തും. ശേഷം അപക്ഷേ നിരസിക്കുകയാണെങ്കിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവരങ്ങൾ കൂടി ആവശ്യമുണ്ടെങ്കിലോ ഉപഭോക്താവിനെ അറിയിക്കും. ശേഷം ഉത്പന്നത്തിന്റെ വിലയിലുള്ള വ്യത്യാസം ഉപഭോക്താവിന് നൽകും. അപേക്ഷ നിരസിക്കുകയാണെങ്കിൽ, ഉപഭോക്താവിനെ യൂണിയൻ കോപ് ശാഖയിൽ നിന്ന് ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുള്ള കാരണങ്ങൾ വിശദീകരിക്കും.
ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സാധനങ്ങൾ നൽകുന്നതിന് പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തിൽ യൂണിയൻകോപ് സ്ഥിരമായി പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരെ വിസയ്മയിപ്പിക്കാനുള്ള പുതിയ വഴികളുമാണ് യൂണിയൻകോപ് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങളും വാർത്തകളും പ്രസ്താവനകളും വിശ്വസനീയമായ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എല്ലാവരും സ്വീകരിക്കാവൂ എന്നും തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് യൂണിയൻകോപ് സിഇഒ പറഞ്ഞു. അജ്ഞാതമായ ഉറവിടങ്ങളിൽ നിന്നുള്ളവയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതുമായ അഭ്യൂഹങ്ങൾ പരിഗണിക്കരുത്. പ്രത്യേകിച്ചും ചിലർ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുകയും ഇത്തരം ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സാമ്പത്തിക സ്ഥാപനങ്ങളെയോ മറ്റ് ഏതെങ്കിലും സംവിധാനങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് യുഎഇയിലെ നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന് ഓർക്കേണ്ടതുണ്ട്. വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ട സാമൂഹിക ബോധവും ഉത്തരവാദിത്തവും വ്യക്തികൾക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.