ദ്ധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും മാത്രം ഒതുങ്ങിനിന്നിരുന്ന മങ്കിപോക്സ് അഥവാ കുരങ്ങുപനി അസാധാരണമാം വിധം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുകയാണ്. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ബ്രിട്ടനിലെ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ഇവരിൽ പലരും പരസ്പരം ബന്ധമുള്ളവരല്ല എന്നത്, ഈ രോഗം കൂടുതൽ പേരിലേക്ക് പകർന്നിരിക്കാം എന്ന ആശങ്കയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. ലോകത്താകമാനം മനുഷ്യ ജീവിതം സ്തംഭിപ്പിച്ച കോവിഡ് പോലെ ഒരു മഹാമാരിയായി ഇത് വളരില്ല എന്ന് ശാസ്ത്രലൊകം ഉറപ്പിച്ചു പറയുമ്പോഴും, ഇതിന്റെ വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു എന്നും അവർ പറഞ്ഞു വയ്ക്കുന്നുണ്ട്.

ജർമ്മനിയും ബെൽജിയവും രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ 12 രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തുന്നത് എന്നത് ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന ഒരു സമസ്യയായി മാറിയിരിക്കുന്നു. ലൈംഗിക ബന്ധത്തിലൂടെ ഈ രോഗം പകർന്നേക്കാം എന്ന് പറയുമ്പോഴും ഇതിനെ ഒരു ലൈംഗിക രോഗമായി കണക്കാക്കാൻ ആകില്ല എന്നും അവർ പറയുന്നുണ്ട്.

കുരങ്ങുപനി ബാധിക്കുന്നതെങ്ങനെ ?

ഇപ്പോഴുള്ള ഈ വ്യാപനം ഉണ്ടാകുന്നതിന് മുൻപ് വരെ മദ്ധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഈ രോഗം സാധാരണയായി രോഗബാധയുള്ള മൃഗങ്ങളിൽ നിന്നായിരുന്നു പടർന്നിരുന്നത്. എലി, ചുണ്ടെലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. രോഗബാധിതരായ ജന്തുക്കൾ കടിക്കുകയോ അല്ലെങ്കിൽ അവയുടെ രക്തം, ശരീരസ്രവം, മലം എന്നിവയുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യുമ്പോഴായിരുന്നു, വസൂരിയുടെ കുലത്തിൽ പെട്ട ഈ രോഗം ബാധിച്ചിരുന്നത്.

മലിനമായ മാംസാഹാരങ്ങളിലൂടെയും ഇത് പടർന്നിരുന്നു. കണ്ണുകൾ, മൂക്ക്, വയ എന്നിവയ്ക്കൊപ്പം ചർമ്മത്തിൽ ഉണ്ടായേക്കാവുന്ന ദൃശ്യമല്ലാത്തത്ര സൂക്ഷ്മമായ വിടവുകളിലൂടെയും ഈ രോഗത്തിന് കാരണമായ ഓർത്തോപൊക്സോ വൈറസിന് ശരീരത്തിൽ പ്രവേശിക്കാൻ കഴിയും. വ്യപകമായി ഈ രോഗം പടർന്നിരുന്നത് മൃഗങ്ങളിൽ കൂടിയാണെങ്കിലും വളരെ വിരളമായെങ്കിലും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരാറുണ്ടായിരുന്നു. രോഗബാധിതനായ മനുഷ്യന്റെ കിടക്ക,വസ്ത്രങ്ങൾ എന്നിവയുമായോ അല്ലെങ്കിൽ രോഗബാധിതനുമായൊ ഉള്ള നേരിട്ടുള്ള സമ്പർക്കം വഴിയായിരുന്നു ഇത് പടർന്നിരുന്നത്.

ചുമ, തുമ്മൽ എന്നിവയിലൂടെ ശരീരത്തിലെ സ്രവ കണങ്ങൾ പുറത്തുവരുമ്പോൾ അതിലൂടെയും വൈറസ് പകരുമായിരുന്നു. എന്നാൽ, നിലവിലെ വ്യാപനത്തിനു പ്രധാന കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ചർമ്മ സമ്പർക്കമാണെന്നാണ് പൊതുവെ കരുതിപ്പോരുന്നത്. എന്നാൽ, ഇത് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതും ഒരു വസ്തുതയാണ്.

ഈ രോഗം എത്രമാത്രം മാരകമാണ് ?

സാധാരണയായി കുരങ്ങുപനി അത്ര ഭയപ്പെടേണ്ട ഒരു രോഗമല്ല, മിക്കവരും ചികിത്സയില്ലാതെ തന്നെ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ സുഖം പ്രാപിക്കാറുണ്ട്. എന്നിരുന്നാലും, രോഗം ബാധിക്കപ്പെടുന്നവരിൽ 10 ശതമാനം പേർ വരെ മരണപ്പെടാറുണ്ട്. എന്നാൽ, പരിശോധനയുടേ അഭാവത്താൽ, വളരെ കുറച്ച് രോഗികളിൽ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാലാണ് മരണ നിരക്ക് ഇത്രയും ഉയർന്നിരിക്കുന്നത് എന്നൊരു വാദവും ഉയരുന്നുണ്ട്. യഥാർത്ഥ മരണനിരക്ക് ഇതിന്റെ പത്തിലൊന്ന് മാത്രമേ വരികയുള്ളും എന്നും പറയപ്പെടുന്നു.

അത് വിശ്വസിച്ചാൽ പോലും, മരണനിരക്ക്, കോവിഡിന്റെ ആദ്യ തരംഗത്തിൽ ഉണ്ടായതുപോലെ 100-ൽ ഒരാൾ മരിക്കുന്ന സാഹചര്യമുണ്ടാകും. നിലവിൽ ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്നത് പശ്ചിമ ആഫ്രിക്കൻ വകഭേദത്തേയാണ്. മദ്ധ്യ ആഫ്രിക്കൻ വകഭേദത്തേക്കാൾ ദുർബലമാണിത്. പോർച്ചുഗലിലും സ്പെയിനിലും കണ്ടെത്തിയിരിക്കുന്നതും ഈ ദുർബലമായ വകഭേദത്തെ തന്നെയാണെന്ന് കരുതപ്പെടുന്നു. അവിടങ്ങളിൽ ഇതുസംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുന്നതേയുള്ളു.

രോഗം എങ്ങനെ തിരിച്ചറിയാം ?

കുരങ്ങുപനി, ചിക്കൻപോക്സ് പോലുള്ള മറ്റ് പല രോഗങ്ങൾക്കും സമാനമായ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ രോഗം തിരിച്ചറിയുന്നത് ഏറെ വിഷമകരമാണ്. ഒരു ക്ലിനിക്കൽ പരിശോധന വഴി മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ. ശരീര സ്രവങ്ങൾ പരിശോധനക്ക് വിധേയമാക്കിയാണ് ഈ രോഗത്തെ കണ്ടെത്തുക.

കുരങ്ങുപനിയുടെ ലക്ഷണങ്ങൾ എന്തെല്ലാം ?

സാധാരണ ഗതിയിൽ വൈറസ് ബാധയുണ്ടായാൽ ലക്ഷണങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങാൻ ചുരുങ്ങിയത് മൂന്നാഴ്‌ച്ചക്കാലമെങ്കിലും പിടിക്കും. ഇതിന്റെ ആദ്യ ലക്ഷണങ്ങൾ പനി, തലവേദന, പേശീ വേദന, പുറം വേദന, ലിംഫ്നോഡുകളിൽ വീക്കം, ക്ഷീണം, കുളിര് തുടങ്ങിയവയാണ്. അതായത്, ലക്ഷണങ്ങൾ കണ്ടാൽ ഇത് മറ്റു പല സാധാരണ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

എന്നാൽ, ഇതിന്റെ അസാധാരണമായ ഒരു ലക്ഷണം മുഖത്ത് തൊലിയിൽ ചുവന്ന നിറത്തിലുള്ള തണിർപ്പുകൾ ഉന്റാവുക എന്നതാണ്. ആദ്യം മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഈ തടിപ്പുകൾ പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. പ്രധാനമായും കൈപ്പത്തി, കാൽപാദം എന്നിവിടങ്ങളിലായിരിക്കും ഇത് കണാനാവുക. ഈ തണിർപ്പിന് പല രൂപഭേദങ്ങൾ സംഭവിക്കുകയും അവസാനം ഒരു കുമിളയായി മാറുകയും ചെയ്യും. പിന്നീട് ഇത് പൊട്ടി യൊലിക്കും..

കുരങ്ങുപനിയുടെ ചരിത്രം

ഗവേഷണത്തിനായി കൂട്ടിലടച്ച് സൂക്ഷിച്ചിരുന്ന ഒരു കൂട്ടം കുരങ്ങുകളിലായിരുന്നു വസൂരിയുടെ വിഭാഗത്തിൽ പെടുന്ന ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1958-ൽ ആയിരുന്നു ഇത്. 1970-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലായിരുന്നു ഇത് ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം മദ്ധ്യ ആഫ്രിക്കയിലേയും പശ്ചിമ ആഫ്രിക്കയിലേയും മറ്റു ചില രാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതിനുശേഷം ആഫ്രിക്കയ്ക്ക് വെളിയിൽ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേ ഈ രോഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നുള്ളു. അവയെല്ലാം തന്നെ കണ്ടെത്തിയത് ആഫ്രിക്ക സന്ദർശിച്ച് മടങ്ങിയെത്തിയവരിലുമായിരുന്നു. 2022 മെയ്‌ മാസത്തിനു മുൻപ് ഈ രോഗം സ്ഥിരീകരിച്ചിരുന്നത് ബ്രിട്ടൻ, അമേരിക്ക, സിംഗപൂർ, ഇസ്രയേൽ എന്നീ നാല് രാജ്യങ്ങളിൽ മാത്രമായിരുന്നു.

ഇതിന് ചിക്കൻപോക്സുമായി ബന്ധമുണ്ടോ ?

ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് കുരങ്ങുപനിക്ക് ഉള്ളതെങ്കിലും ഇതിന് ചിക്കൻപോക്സുമായി ബന്ധമില്ല. വരിസെല്ല-സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണമാകുന്നത്. അതേസമയം, വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ്വൈറസ് വിഭാഗത്തിൽ പെടുന്ന ഒരു വൈറസാണ് കുരങ്ങുപനിക്ക് കാരണമാകുന്നത്. ഈ ബന്ധമുള്ളതുകൊണ്ടുതന്നെ വസൂരിക്ക് നൽകുന്ന വാക്സിനുകളും മരുന്നുകളുമാണ് ഇപ്പോൾ ഈ രോഗത്തിനും നിർദ്ദേശിക്കുന്നത്.

കുരങ്ങുപനിയുടെ വ്യാപനം

ബ്രിട്ടനിലും സ്പെയിനിലും ഈ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്വവർഗ്ഗരതിയിൽ താത്പര്യമുള്ളവരായതിനാൽ, ലൈംഗിക ബന്ധത്തിലൂടെ ഇത് പടരുന്നു എന്ന ഒരു അനുമാനം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം ശാസ്ത്രലോകം സ്ഥിരീകരിച്ചിട്ടില്ല. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുക വഴി ശരീരസ്രവങ്ങളിലൂടെയും ഇത് പടരാം.

അതേസമയം, കോവിഡ് പോലെ ഇത് വ്യാപകമായി പടരില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നിരുന്നാലും അവഗണിക്കാൻ കഴിയുന്നതല്ല കുരങ്ങുപനിയുടെ വ്യാപനം എന്നും അവർ പറയുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം രോഗ നിർണ്ണയം നടത്താതെ ഡോക്ടർമാരെ സമീപിക്കുവാനാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്.