ന്യൂയോർക്ക്: ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യാ ഗവൺമെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങൾക്ക് ഗോതമ്പ് നൽകാൻ സന്നദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് സഹമന്ത്രി വി. മുരളീധരൻ ഉറപ്പുനൽകി.

റഷ്യ - യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ലക്ഷകണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വന്നിരിക്കുന്നത്. പോഷകാഹാരകുറവും വിശപ്പും ബാധിച്ച നിരവധി പേർ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നു. ഇവരെ സഹായിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പരസ്യമായി പ്രസ്താവിച്ചതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മന്ത്രി മുരളീധരൻ.

അമേരിക്ക മുൻകൈയെടുത്ത് വിളിച്ചു ചേർത്ത ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി കോൾ ടു ആക്ഷൻ മീറ്റിംഗിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഗോതമ്പ് കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ആഴ്ച ഇന്ത്യ പുറത്തിറക്കിയ ഉത്തരവ് ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളെ കൂടുതൽ പട്ടിണിയിലേക്കു തള്ളിവിടുമെന്ന ആശങ്കയുണ്ടായിരുന്നു. രാജ്യാന്തര മാധ്യമങ്ങൾ ഇതിന് വലിയ പ്രധാന്യം നൽകി വാർത്തകൾ നൽകിയിരുന്നു. വി. മുരളീധരന്റെ പ്രസ്താവനയോടെ ഈ ആശങ്കക്ക് അറുതി വന്നിരിക്കുന്നുവെന്നാണ് മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തത്.

ആയിരകണക്കിനു മെട്രിക് ടൺ ഗോതമ്പ് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, മ്യാന്മർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചതായും മന്ത്രി വെളിപ്പെടുത്തി.