അമരാവതി: ആന്ധ്രാ പ്രദേശിൽ പരാതി പരിഹാര അദാലത്തിനിടെ വിവാഹം കഴിക്കാൻ മന്ത്രിയോട് സഹായം തേടി അറുപത്തിയെട്ടുകാരൻ. വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആർ.കെ റോജയോടായിരുന്നു വൃദ്ധന്റെ അഭ്യർത്ഥന. ഈ സഹായം സർക്കാർ നൽകുന്നില്ലെന്ന് മന്ത്രി മറുപടി നൽകി.

മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഢി പാർട്ടി എംഎൽഎമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തിൽ അദാലത്ത് നടത്താൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റോജ സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്.

വീടുകൾ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെ അറുപത്തിയെട്ടുകാരൻ താമസിക്കുന്ന വീട്ടിലുമെത്തി. സുഖവിവരങ്ങൾ തിരക്കിയശേഷം പെൻഷൻ കിട്ടുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. അതു കൃത്യമായി കിട്ടുന്നുണ്ടെന്നും തനിക്ക് മറ്റൊരു കാര്യം പറയാനുണ്ടെന്നും വൃദ്ധൻ വ്യക്തമാക്കി. സ്വത്തുക്കളും വീടുമെല്ലാമുണ്ട്. എന്നാൽ തന്നെ നോക്കാൻ ആരുമില്ല. അതുകൊണ്ട് വിവാഹം കഴിക്കാൻ സഹായിക്കണം എന്നായിരുന്നു വൃദ്ധന്റെ അപേക്ഷ.

ഈ സഹായം സർക്കാർ നൽകുന്നില്ലെന്ന് മന്ത്രി മറുപടി നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ഏപ്രിൽ 12-നാണ് നടിയും വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാനമുഖവുമായ റോജ ആന്ധ്രാ പ്രദേശിൽ മന്ത്രിയായി ചുമതലയേറ്റത്.