- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കസ്റ്റഡിയിലെടുത്തയാൾ മരിച്ചു; ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ കത്തിച്ചു; പ്രതികളുടെ അടക്കം വീടുകൾ ബുൾഡോസർകൊണ്ട് പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം
ദിസ്പുർ: പൊലീസ് കസ്റ്റഡിയിൽ മീൻകച്ചവടക്കാരൻ മരിച്ചതിൽ പ്രതിഷേധിച്ച് ജനങ്ങൾ പൊലീസ് സ്റ്റേഷൻ കത്തിച്ചതിന് പിന്നാലെ പ്രതികളുടെ വീടുകൾ അടക്കം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം.
കസ്റ്റഡി മരണം ആരോപിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടതിന് പിന്നാലെയാണ് അഞ്ച് വീടുകൾ നഗോൺ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പൊലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. കൂടുതൽ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. എന്നാൽ, ഇവയൊന്നും കൈയേറി നിർമ്മിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പൊലീസ് കസ്റ്റഡിയിൽ ഒരാൾ മരിച്ചതിനേതുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം നഗോണിൽ ഇന്നലെ പൊലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായവരുടെ വീടുകൾ ഉൾപ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പൊലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ അക്രമിക്കുന്നതിന്റെയും പൊലീസുകാരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഷഫീഖുൽ ഇസ്ലാം എന്നയാളെ കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനിടെ കസ്റ്റഡി മരണത്തിൽ സർക്കാർ ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഷനിലെ പൊലീസുകാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ കൂടുതൽ സേനയെ രംഗത്തിറക്കിയിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് ഷഫീഖുൽ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മീൻ വിൽപ്പനയ്ക്ക് പോയ ഷഫീഖുലിനെ പൊലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. പതിനായിരം രൂപയും താറാവിനെയും നൽകിയാൽ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പൊലീസുകാർ പറഞ്ഞതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.




