മലപ്പുറം: മലപ്പുറം വടപുറത്ത് 68കാരി വീട്ടിൽനിന്നും പോയത് പുഴയിൽ അലക്കാനും കുളിക്കാനുമെന്ന് പറഞ്ഞ്. അവസാനം പിറ്റേദിവസം പ്രഭാതസവാരിക്ക് ഇറങ്ങിയവർ കണ്ടത് പുഴയിൽ പൊങ്ങി കിടക്കുന്ന മൃതദേഹം. വടപുറം സ്വദേശി പരേതനായ മുക്കാട്ട് ജെയിംസിന്റെ ഭാര്യ ഏലിയാമ്മ (68) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ആറു മണിയോടെ കുതിരപ്പുഴയിൽ കണ്ടെത്തിയത്.

പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് വടപുറം പാലത്തിനിടയിൽ പുഴയിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും ഇആർഎഫ് സംഘങ്ങളുമെത്തി മൃതദേഹം പുറത്തെടുത്തു. നിലമ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ശനിയാഴ്‌ച്ച പുലർച്ചെ 5.30 ഓടെയാണ് വടപുറം ഫുഡ് ഗേറ്റിന് സമീപത്തെ വീട്ടിൽ നിന്നും ഏലിയാമ്മ പുഴയിലേക്ക് എന്നു പറഞ്ഞു ഇറങ്ങിയത്.
കുളിക്കാനും അലക്കാനുമായി ഇവർ പുഴയിൽ പോകാറുണ്ടായിരുന്നു. ശനിയാഴ്ച പുഴയിൽ പോയതിനു ശേഷം ഏലിയാമ്മ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം നാലുമണി വരെ ഫയർ ഫോഴ്സും ഇആർഎഫും ചേർന്ന് പുഴയിലും തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ഏഴുമണിയോടെ തെരച്ചിൽ പുനരാംരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂർ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.