അടിമാലി : കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ ചീയപ്പാറ ഉൾപ്പടെ തകർന്ന പ്രദേശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനൻസ് പ്രവർത്തികൾ നടത്തപ്പെടുന്നത്. നിലവിൽ ദേശീയ പാത 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ് പണം അനുവദിച്ചിരിക്കുന്നത്.

ചീയപ്പാറയ്ക്കടുത്ത് സംരക്ഷണ ഭിത്തി നിർമ്മാണം- 31, 36, 550 രൂപ, അടിമാലിക്കും മൂന്നാറിനുമിടയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ തുടർച്ച - 2, 15,40,000 രൂപ, റാണിക്കല്ല് വളവിനു സമീപമുള്ള രണ്ടിടങ്ങളിൽ- 94, 21, 227 വീതം, കോതമംഗലം കോഴിപ്പിള്ളി പാലം നടപ്പാത ഉൾപ്പടെ പുനരുദ്ധാരണം- 65,26,000 രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ നെല്ലിമറ്റം മുതൽ കക്കടാശ്ശേരി വരെ വിവിധ മേഖലകളിൽ സംരക്ഷണഭിത്തി, ഓടകൾ നിർമ്മിക്കുന്നതിനുൾപ്പടെ- 74,45, 325 രൂപയും കൂട്ടി ചേർത്ത്
5,74, 90,329 രൂപയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്.

നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ മെയിന്റനൻസ് പ്രവർത്തനങ്ങൾ നേരിട്ട് നടത്താറില്ലാത്തിനാൽ സംസ്ഥാന നാഷണൽ ഹൈവേ വകുപ്പ് മുഖാന്തിരമായിരിക്കും നിർമ്മാണങ്ങൾ നടത്തുന്നത് എന്നും, ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു..

മൂന്നാർ മുതൽ കുണ്ടന്നൂർ വരെ 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ മാനദണ്ഡമനുസരിച്ച് അന്തർദേശീയ നിലവാരത്തിൽ വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ച് എൻഎച്ച് എ ഐ നിർദ്ദേശിച്ച കൺസൽട്ടൻസി പഠന റിപ്പോർട്ട് സമർപ്പിച്ചാലുടൻ അന്തിമ അനുമതി ലഭിക്കുമെന്നും, നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പടെ ശുപാർശ ചെയ്തിട്ടുണ്ട്. മേഖലയിലെ ടൂറിസം സാധ്യതകൾക്ക് കുടുതൽ പ്രയോജനപ്രദമാണ് അനുവദിക്കപ്പെട്ട തുകയെന്നും എം പി പറഞ്ഞു..