- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്വാഡ്' നേതൃതലയോഗത്തിൽ പങ്കെടുക്കാൻ മോദി ജപ്പാനിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച; 40 മണിക്കൂറിനിടെ 23 പരിപാടികൾ
ന്യൂഡൽഹി: ഇന്ത്യ, യു.എസ്., ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന 'ക്വാഡി'ന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് 'ക്വാഡി'ന്റെ നേതൃതലയോഗത്തിൽ മോദി പങ്കെടുക്കുന്നത്. 'ക്വാഡി'ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയിൽ ആരംഭിക്കും.
ക്വാഡ് നേതൃതല യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നാളെ രാവിലെ ടോക്യോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനിൽ 40 മണിക്കൂർ ചെലവിടും. 23, 24 തീയതികളിലാണ് ഇന്ത്യ, യു.എസ്., ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്വാഡ് യോഗം. ഇതിനിടെ 23 പരിപാടികളിൽ മോദി പങ്കെടുക്കും. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോദി കാണും.
'ക്വാഡി'ന്റെ നേതൃതല യോഗത്തിൽ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പരം താത്പര്യമുള്ള ആഗോളപ്രശ്നങ്ങളെക്കുറിച്ചും ചർച്ചനടക്കുമെന്ന് ടോക്യോയിലേക്ക് പുറപ്പെടുന്നതിനുമുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്നും യു.എസുമായി വിവിധ മേഖലകളിലെ സഹകരണത്തിന്റെ പുരോഗതി കൂടിക്കാഴ്ചയിൽ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




