- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപി സാമൂഹിക മാധ്യമങ്ങളിൽ ഒതുങ്ങി; ബംഗാളിൽ അവർക്ക് ഭാവിയില്ല'; പാർട്ടി വിട്ട് ബിജെപി എംപി അർജുൻ സിങ് തൃണമൂൽ കോൺഗ്രസിൽ
കൊൽക്കത്ത: ബരാക്പൂരിൽ നിന്നുള്ള ബിജെപി എംപി അർജുൻ സിങ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അടുത്തിടെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് മുൻപ് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്നു അർജുൻ സിങ് ടിഎംസിയിലേക്ക് മടങ്ങിയത്. കേന്ദ്ര സർക്കാറിന്റെ ചണ നയത്തെയാണ് കഴിഞ്ഞ ദിവസം അർജുൻ സിങ് വിമർശിച്ചത്.
കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് സിങ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ബംഗാളിന്റെ വികസനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തിക്കുന്ന രീതി അഭിനന്ദനാർഹമാണ്. ഞാൻ ചണ ഉത്പാദന മേഖലയിൽ നിന്നുള്ള ആളാണ്, കേന്ദ്രത്തിന്റെ അന്യായമായ നയങ്ങൾ കാരണം അവിടത്തെ ജനങ്ങൾ കഷ്ടപ്പെടുന്നു.
ബിജെപി ഫേസ്‌ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഒതുങ്ങി. ഫേസ്‌ബുക്കിൽ മാത്രം രാഷ്ട്രീയം ചെയ്യാൻ പറ്റില്ല. ബംഗാളിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് പ്രധാനമാണ്, ബിജെപി നേതാക്കൾ എ.സി മുറികളിൽ ഇരിക്കുകയാണ്, അവർക്ക് ഇതിനൊന്നും സമയം ഇല്ല - ടിഎംസിയിൽ ചേർന്നതിന് ശേഷം അർജുൻ സിങ് പറഞ്ഞു.
അർജുൻ സിംഗിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു: ''ബിജെപിയുടെ വിഘടന രാഷ്ട്രീയം നിരാകരിച്ച് ഇന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അർജുൻ സിംഗിന് ഊഷ്മളമായ സ്വാഗതം. രാജ്യത്തുടനീളമുള്ള ആളുകൾ ദുരിതമനുഭവിക്കുകയാണ്, അവർക്ക് എന്നത്തേക്കാളും ഇപ്പോൾ നമ്മളെ ആവശ്യമാണ്. നമുക്ക് പോരാട്ടം സജീവമായി തുടരാം -അഭിഷേക് ബാനർജി പറഞ്ഞു.
ഇന്ന് ഉച്ചയോടെ ഭട്പാരയിലെ വസതിയിൽ നിന്നും ഇറങ്ങിയ അർജുൻ സിങ് അലിപൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി. അതേസമയം, അഭിഷേക് ബാനർജി ബരാക്പൂർ, നോർത്ത് 24 പർഗാനാസ് പാർട്ടി നേതാക്കളുമായി കാമാക് സ്ട്രീറ്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു. സിങ്ങിനെ തിരിച്ചെടുക്കണമോയെന്ന കാര്യത്തിൽ നേതാക്കൾ ദീർഘനേരം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
ബരാക്പൂർ എംഎൽഎ രാജ് ചക്രവർത്തി, ജ്യോതി പ്രിയ മുള്ളിക്, എംഎൽഎ പാർഥ ഭൗമിക് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിന് ശേഷമാണ് സിംഗിനെ ടിഎംസി ഓഫീസിലേക്ക് വിളിച്ചുവരുത്തി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.




