മുംബൈ: കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരും നികുതി ഇളവ് നൽകി. ശിവസേന - കോൺഗ്രസ് - എൻ സി പി സർക്കാരും നികുതി കുറച്ചെന്ന് വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. മൂല്യവർധിത നികുതി പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് കുറഞ്ഞത്. ഈ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് 2500 കോടി രൂപയുടെ നികുതിയിടിവ് ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

അതേസമയം കേന്ദ്രസർക്കാർ ഇന്നലെ എക്‌സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസൽ ലിറ്ററിന് ആറ് രൂപയും കുറച്ചതിനെ തുടർന്നുള്ള ആനുപാതികമായ കുറവാണ് ഇതെന്നാണ് വിവരം. കേന്ദ്രം നികുതി കുറച്ചതോടെ ആനുപാതികമായി കേരളത്തിലും വാറ്റ് നികുതി കുറഞ്ഞിരുന്നു. കേരളത്തിൽ പെട്രോൾ ലിറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം അധികമായി നികുതി കുറക്കാൻ തയ്യാറായിട്ടില്ല.

മൂല്യ വർധിത നികുതി കുറച്ചതോടെ പ്രതിമാസം പെട്രോൾ വിൽപ്പനയിൽ നിന്ന് മഹാരാഷ്ട്ര സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ 80 കോടി രൂപയുടെ കുറവുണ്ടാകും. ഡീസൽ വിൽപ്പനയിൽ നിന്നുള്ള വരുമാനം പ്രതിമാസം 125 കോടി രൂപയും കുറയും. ഇന്നലെയാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. ഇതോടെ ഇന്ന് മുതൽ ആഭ്യന്തര വിപണിയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയുമാണ് കുറഞ്ഞത്.