അൽഹസ്സ: 34 വർഷം നീണ്ടുനിന്ന പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽഹസ്സ ഹഫൂഫ് യൂണിറ്റ് അംഗമായ സുകുമാരൻ നാഗേന്ദ്രന് ഹഫൂഫ് യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

തിരുവനന്തപുരം പോത്തൻകോടിനടുത്തു മംഗലാപുരം സ്വദേശിയായ നാഗേന്ദ്രന്, ബഹറിനിൽ മൂന്നു വർഷത്തെ പ്രവാസം കഴിഞ്ഞതിനു ശേഷമാണ്, 31 വർഷങ്ങൾക്ക് മുൻപ് സൗദിയിൽ എത്തിയത്. തയ്യൽതൊഴിലാളിയായ അദ്ദേഹം അൽഹസ്സയിൽ ഹഫൂഫിൽ 'എം എസ് ടൈലർ' എന്ന ടൈലറിങ് കട നടത്തി വരികയായിരുന്നു. അൽഹസ്സയുടെ മൂന്നു പതിറ്റാണ്ടിലെ ചരിത്രത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ കടയും, സാമൂഹ്യജീവിതവും. 'വിജയേട്ടൻ ' എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നവയുഗം അൽഹസ്സ മേഖലയിൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ അദ്ദേഹം സജീവപ്രവർത്തകനുമായിരുന്നു.

നവയുഗം ഹഫൂഫ് യൂണിറ്റ് ഓഫിസിൽ വെച്ച് അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച്, യൂണിറ്റ് രക്ഷാധികാരി സുബ്രഹ്‌മണ്യൻ, നാഗേന്ദ്രന് നവയുഗത്തിന്റെ സ്‌നേഹോപഹാരം കൈമാറി.നവയുഗം അൽഹസ്സ മേഖല സെക്രെട്ടറി സുശീൽ കുമാർ, ഹഫുഫ് യൂണിറ്റ് സെക്രട്ടറി ഷിഹാബ് കാരാട്ട്, സഹഭാരവാഹികളായ വിശ്വനാഥൻ, അനിൽകുമാർ അയിരൂപ്പാറ, ജിം നിവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് നാഗേന്ദ്രന്റെ കുടുംബം. രണ്ടു മക്കളും വിവാഹിതരാണ്.