സാൻഫ്രാൻസിസ്‌ക്കോ: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസിയെ ഹോളി കമ്മ്യൂണിയൻ സ്വീകരിക്കുന്നതിൽ നിന്നു വിലക്കി സാൻഫ്രാൻസിസ്‌ക്കോ ആർച്ച് ബിഷപ്പ് സൽവറ്റോർ കോർഡി ലിയോൺ കൽപനയിറക്കി.

ഗർഭഛിദ്രത്തെ തുടർച്ചയായി പിന്തുണക്കുന്നതാണു വിലക്കേർപ്പെടുത്തുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ കുറിച്ചു മെയ്‌ 19ന് ആർച്ച് ബിഷപ്പും ചാൻസലറും ഒപ്പിട്ടു കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമതു വത്തിക്കാൻ കൗൺസിൽ തീരുമാനപ്രകാരം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതോടെ ആ കുഞ്ഞു രക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മറിച്ചു കുഞ്ഞിനെ ഗർഭഛിദ്രത്തിലൂടെ നശിപ്പിക്കുന്നതു വലിയ കുറ്റമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

ഏതവസ്ഥയിലും മനുഷ്യജീവന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണ്.കത്തോലിക്കക്കാരനായ രാഷ്ട്രീയക്കാരൻ സഭയുടെ വിശ്വാസപ്രമാണങ്ങൾക്കെതിരെ നിലകൊള്ളുന്നതു തെറ്റാണ്. അവർ അതിനെ കാത്തുസൂക്ഷിക്കേണ്ടവരാണ്. ആരെങ്കിലും ഇതിനെതിരെ പ്രവർത്തിച്ചാൽ അവരെ ചർച്ചിലെ വൈദികൻ നേരിൽ കണ്ടു ഇത്തരം പ്രവർത്തനങ്ങളിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും തുടർന്നും വിശ്വാസ പ്രമാണങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്നും മാറ്റി നിർത്താൻ ബാധ്യസ്ഥരാകും.

എന്നാൽ പിന്നീട് അവരുടെ പാപങ്ങളിൽ അനുതപിച്ചു മുന്നോട്ടു വരികയാണെങ്കിൽ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ തടസ്സമുണ്ടാകുകയില്ലെന്നും കത്തിൽ പറയുന്നു.നല്ലൊരു കത്തോലിക്കാ വിശ്വാസിയാണ് താന്നെന്നു നാൻസി പെലോസി ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നതാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ആർച്ച് ബിഷപ്പിനെ നിർബന്ധമാക്കിയത്.