ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവർത്തകനും സംസ്‌കൃതി ജോയന്റ് സെക്രട്ടറിയുമായ സുഹാസ് പാറക്കണ്ടിയുടെ കാൻസർ അതിജീവനത്തിന്റെ കഥ പറയുന്ന ഭ്രാന്തൻ സെല്ലുകളുടെ കണക്കുപസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും സംഘാടക മികവിലും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താലും ശ്രദ്ധേയമായി . സുഹാസ് തന്റെ ഹൃദയ രക്തം കൊണ്ടെഴുതിയ പുസ്‌കത്തിലെ പല വരികളും പ്രയോഗങ്ങളും ചടങ്ങിലെ വിശിഷ്ട അതിഥികളെയടക്കം പലരേയും കണ്ണുനനയിക്കുകയും ഖണ്ഠമിടറിക്കുകയും ചെയ്തു.

ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിൽ സംസ്‌കൃതി സംഘടിപ്പിച്ച നിറഞ്ഞ സദസ്സിൽ നോർക്ക റൂട്സ് ഡയറക്ടറും ഖത്തറിലെ വ്യവസായ പ്രമുഖനുമായ സി.വി. റപ്പായിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

സംസ്‌കൃതി പ്രസിഡണ്ട് അഹ് മദ് കുട്ടി അറളയിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി . ഇന്ത്യൻ കൾചറൽ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, മുൻ പ്രസിഡണ്ട് എ.പി. മണികണ്ഠൻ, നാഷണൽ കാൻസർ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. സാജു ദിവാകർ, ഐ.സി.ബി.എഫ്. ആക്ടിങ് പ്രസിഡണ്ട് വിനോദ് നായർ, കെ.എം.സി.സി. പ്രസിഡണ്ട് എസ്. എ. എം. ബഷീർ, യുണീഖ് പ്രസിഡണ്ട് മിനി സിബി, കെ.ബി.എഫ്. പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഡോം ഖത്തർ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, സുനീതി സുനിൽ, ഹമദ് മെഡിക്കൽ കോർപറേഷനിലെ സ്പെഷ്യലിസ്റ്റ് കെയർ നഴ്സ് ബ്ളസ്സി തുടങ്ങിയവർ സംസാരിച്ചു.

സുഹാസിന്റെ ചികിൽസയിൽ ഏറെ സഹായിച്ച റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. സാജു ദിവാകറിനേയും സുനീതി സുനിലിനേയും എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
സംസ്‌കൃതി പ്രസിഡണ്ട് അഹ് മദ് കുട്ടി അറളയിൽ അധ്യക്ഷത വഹിച്ചു. ബിജു പി മംഗളം പുസ്തകം പരിചയപ്പെടുത്തി. ആശംസകൾക്കും സ്നേഹസൗഹൃദത്തിനും സുഹാസ് മറുമൊഴിയിൽ നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി എ.കെ.ജലീൽ സ്വാഗതവും സെക്രട്ടറി സാൾട്ടസ് സാമുവൽ നന്ദിയും പറഞ്ഞു