അബുദാബി: അബുദാബിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 1.35 ഓടെയാണ് സംഭവം. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതായി അബുദാബി പൊലീസ് അറിയിച്ചു.

ഖാലിദിയയിലെ ഒരു റെസ്റ്റോറന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

സമീപത്തെ കടകൾക്കും ആറ് കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. മുൻകരുതൽ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും ഒഴിപ്പിച്ചതായി അബുദാബി പൊലീസ് വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങളെ അധികൃതർ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും അധികൃതർ അഭ്യർത്ഥിച്ചു.