അറ്റ്‌ലാന്റ: ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ നടന്ന ശ്രമങ്ങൾക്ക് ജോർജിയയിലെ റിപ്പബ്ലിക്കൻ ഗവർണറായ ബ്രയാൻ കെംപ് പിന്തുണ നൽകാതിരുന്നതിന് പ്രതികാരമായി കെംപിനെ പരാജയപ്പെടുത്തുന്നതിന് മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂവിനെ ഗവർണർ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള ഗവർണർ ബ്രയാൻ കെംപിനെ പരാജയപ്പെടുത്താൻ പെർഡ്യൂവിന് കഴിഞ്ഞാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ട്രംപിന് മാത്രമായിരിക്കും. ബ്രയാൻ കെംപിനെ പിന്തുണക്കുന്നതിന് വലിയൊരു വിഭാഗം റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

2021ൽ പെർഡ്യൂവിന്റെ യു.എസ്. സെനറ്റിലെ കാലാവധി കഴിഞ്ഞു വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോൺ ഓസോഫിൽ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കെംപ് ഡമോക്രാറ്റിക് പാർട്ടിയുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് ട്രംപ് അനുകൂലികൾ കരുതുന്നത്.

ട്രംപിന്റെ 2020 ലെ തെരഞ്ഞെടുപ്പ് പരാജയം അട്ടമിറിക്കുന്നതിന് പ്രവർത്തിച്ച ജോർജിയ സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് വാഷിങ്ടണിലെ ഡമോക്രാറ്റുകളുമായി സഹകരിച്ചു ഗവർണർ കെംപ് തടയിടുകയായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.