മേലുകാവ്: ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിനിടെ മണ്ണിടിഞ്ഞ് വീണു തദ്ദേശവാസികൾക്കുണ്ടായ പ്രശ്‌നം പരിഹരിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മാണി സി കാപ്പന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞത്. മഴയ്ക്കു ശേഷം നവംബറിൽ ഈ ഭാഗം കെട്ടിപ്പൊക്കി പണിതു നൽകാനാണ് ധാരണയിലായിരിക്കുന്നത്. ഇതിനുശേഷമേ പ്രശ്‌നബാധിതമായ 100 മീറ്റർ ഭാഗത്തെ ടാറിങ് പൂർത്തീകരിക്കുകയുള്ളു. ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ, ടി ജെ ബെഞ്ചമിൻ, ബിൻസി ടോമി, മറിയാമ്മ ഫെർണ്ണാണ്ടസ്, ബിജു സോമൻ, പ്രസന്ന സോമൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സ്ഥലമുടമകൾ തുടങ്ങിയവർ പങ്കെടുത്തു.