ശ്രീനഗർ: ശ്രീനഗറിലെ ഗനി മൊഹല്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. സൗര സ്വദേശിയായ സൈഫുള്ള ഖ്വധേരിയെന്ന പൊലീസുകാരനാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നിൽ വച്ചാണ് ഇയാൾക്ക് വെടിയേറ്റത്.

ഖ്വധേരിയുടെ ഏഴ് വയസ്സുകാരിയായ മകൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണംചെയ്തതായാണ് റിപ്പോർട്ട്.

ലെഷ്‌കർ-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് 'ഹൈബ്രിഡ്' ഭീകരരെ തിങ്കളാഴ്ച ജമ്മു കശ്മീർ പൊലീസ് പിടികൂടിയിരുന്നു. ഏപ്രിലിൽ നടന്ന ബാരാമുള്ള ജില്ലാഅധികാരിയുടെ വധവുമായി അറസ്റ്റിലായവരിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരൊറ്റ ഭീകരാക്രമണത്തിൽ മാത്രം പങ്കെടുക്കുകയും പിന്നീട് സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ് 'ഹൈബ്രിഡ്' ഭീകരർ.