ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിൽ പ്രതിഷേധം. പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എംഎൽഎ പൊന്നാട സതീഷിന്റെ വീടിനും അക്രമികൾ തീയിട്ടു. നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു.

പ്രതിഷേധക്കാർ പൊലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറിൽ നിരവധി പൊലീസുകാർക്കു പരുക്കേറ്റു. 20ലധികം പൊലീസുകാർക്കു പരുക്കേറ്റെന്നാണു വിവരം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു.

ഏപ്രിൽ 4നാണ് കൊനസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനങ്ങളിൽനിന്ന് അഭിപ്രായം ക്ഷണിക്കുകയും ചെയ്തിരുന്നു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ജില്ലയുടെ പേര് മാറ്റിയത്.

തന്റെ വീടീന് നേരെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു. പേരുമാറ്റിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപങ്ങളും നിർദ്ദേശങ്ങളുമുണ്ടെങ്കിൽ 30 ദിവസത്തിനകം കളക്ടർക്ക് സമർപ്പിക്കാനും സമയം നൽകിയിരുന്നു. കോനസീമ ജില്ലയുടെ പേര് അതേരീതിയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോനസീമ ജില്ല സാധനസമിതിയുടെ നേതൃത്വത്തിൽ നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തിൽ അണിനിരന്നത്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻപൊലീസ് സംഘത്തെ വിന്യസിച്ചു. പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. വിവിധ പാർട്ടികളുടെ അഭ്യർത്ഥനമാനിച്ചാണ് ജില്ലയുടെ പേര് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റുകയായിരുന്നെന്നും ആക്ഷേപമുണ്ട്.