ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വേരുറപ്പിക്കാൻ നീക്കം നടത്തുന്ന ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച റിട്ടയേർഡ് കേണൽ അജയ് കൊത്തിയാൽ ബിജെപിയിൽ ചേർന്നു. ഡെറാഡൂണിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാർട്ടിയിൽ നിന്ന് കഴിഞ്ഞയാഴ്ച രാജി വച്ച് പുറത്തുവന്നിരുന്നു.

ഡെറാഡൂണിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. മറ്റ് നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അജയ് കൊത്തിയാൽ. എന്നാൽ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെ പാർട്ടി കയ്യൊഴിയുകയായിരുന്നു. ഇതിന് ശേഷം അദ്ദേഹവും നേതൃത്വവുമായി അസ്വാരസ്യങ്ങളും ആരംഭിച്ചു.

രാജി തീരുമാനം ട്വിറ്ററിൽ അറിയിക്കുകയും രാജിക്കത്ത് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. '2021 ഏപ്രിൽ 19 മുതൽ ഞാൻ ആം ആദ്മി പാർട്ടിയിൽ അംഗമാണ്. രാജ്യത്തെ മുൻ സൈനികരുടെയും, മുതിർന്നവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ബുദ്ധിജീവികളുടെയും വികാരം മാനിച്ചുകൊണ്ട് ഞാൻ പാർട്ടിയിൽനിന്ന് രാജിവയ്ക്കുകയാണ്'- കേജ്രിവാളിനയച്ച രാജിക്കത്തിൽ കൊത്തിയാൽ വ്യക്തമാക്കി.

മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ വിജയിച്ച് ബിജെപി അധികാരത്തിലെത്തിയിരുന്നു. അതേസമയം ആം ആദ്മി പാർട്ടിക്ക് സീറ്റുകളൊന്നും നേടാനായില്ല. രണ്ടാമതെത്തിയ കോൺഗ്രസ് 19 സീറ്റിലും ബിഎസ്‌പി 2 സീറ്റിലും വിജയിച്ചു.