സാധാരണയായി ആഫ്രിക്കയിൽ മാത്രം കണ്ടു വന്നിരുന്ന കുരങ്ങുപനി ലോകമാകെ വ്യാപിക്കാൻ തുടങ്ങിയതോടെ ഇതിനു കാരണമായ വൈറസിന്റെ വ്യാപനശേഷി പ്രതീക്ഷിച്ചതിലും അധികം വർദ്ധിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. ഇതിനോടകം 17 രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടതൊടെ, പതിവില്ലാത്ത വിധം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന പ്രവണത വൈറസ് കൈവരിച്ചിരിക്കുന്നു എന്ന് കരുതാമെന്നും അവർ പറയുന്നു.

കോവിഡ് പോലുള്ള പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് വൈറസുകളുടെ പരിണാമം പഠനവിഷയമാക്കുന്ന പോർച്ചുഗീസിലെ ഒരു കൂട്ടം വൈറോളജിസ്റ്റുകൾ പറയുന്നത് ഇപ്പോൾ യൂറോപ്പിലാകെ പടരുന്ന കുരങ്ങുപനി വൈറസിന്റെ വകഭേദം നാലു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദമാണെന്നാണ്. അതേസമയം, രോഗബാധിതരായ ഏതാനും പേരിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ തെളിഞ്ഞത്, ഈ നാലു വർഷത്തിനിടയിൽ ഈ വൈറസ് കുറഞ്ഞത് 50 മ്യുട്ടേഷനുകൾക്കെങ്കിലും വിധേയമായിട്ടുണ്ട് എന്നാണ്.

ഓർത്തോപോക്സ് വൈറസിനെ സംബന്ധിച്ച് ഇത്രയധികം മ്യുട്ടേഷനുകൾ പ്രതീക്ഷിക്കാത്തതാണെന്ന് ഗവേഷകർ പറയുന്നു. ഒരുപക്ഷെ, കോവിഡിന്റെ ഓമിക്രോൺ വകഭേദം ഉണ്ടായതുപോലെ ഒരു പരിണാമ കുതിച്ചുചാട്ടത്തിലൂടെയാകാം ഇത്രയധികം മ്യുട്ടേഷനുകൾ ഉള്ള വകഭേദം ഉണ്ടായതെന്നും അവർ പറയുന്നു. അതേസമയം, കുരങ്ങുപനിക്ക് കൂടി ഫലവത്തായ വസൂരിയുടെ വാക്സിൻ നിർമ്മാതാക്കളായ ഡച്ച് കമ്പനി കഴിഞ്ഞവർഷം തന്നെ രോഗവ്യാപനത്തിന്റെ ഇടവേളകൾ കുറഞ്ഞു വരുന്നു എന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

ഏതായാലും മങ്കിപോക്സ് ജിനോം ഇപ്പോഴും പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം, മ്യുട്ടേഷൻ സംഭവിച്ചു എന്നതിന് തെളിവില്ല എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇപ്പോൾ വ്യാപിക്കുന്ന വകഭേദം, മുൻഗാമികളേക്കാൾ ദുർബലമായ ഒന്നാണെന്നും അവർ വ്യക്തമാക്കുന്നു. ബ്രിട്ടനിൽ മാത്രം ഇതുവരെ 57 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന് കഴിഞ്ഞ ദിവസമായിരുന്നു ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകിയത്.

സ്വവർഗ രതിയിൽ താത്പര്യമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത് എന്നതിനാൽ ലൈംഗിക ബന്ധം വഴി പടരുന്നു എന്നൊരു അനുമാനം ഉണ്ടായിരുന്നു. എന്നാൽ, ഇത് അടുത്ത സമ്പർക്കം മൂലം വളർത്തു മൃഗങ്ങളിലേക്കും, പിന്നീട് വന്യ മൃഗങ്ങളിലേക്കും പടർന്നേക്കാം എന്നൊരാശങ്ക ഇപ്പോൾ ഉയർന്നു വന്നിറ്റുണ്ട്. ആഫ്രിക്കയിൽ അണ്ണാൻ, എലി തുടങ്ങിയ ജീവികളാണ് ഈ വൈറസിന്റെ വാഹകരെന്ന് നേരത്തേ തെളിഞ്ഞിട്ടുമുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഇന്ന് ആഫ്രിക്കയിൽ ഉള്ളതുപോലെ നാളെ യൂറോപ്പിലേയും ഒരു പകർച്ചവ്യാധിയായി ഈ രോഗം തുടർന്നേക്കും.

വിവിധ രാജ്യങ്ങളിലായി പടർന്നിരിക്കുന്ന കുരങ്ങു പനിയുടെ സ്രോതസ്സ് ഏതെങ്കിലും ഒരു വലിയ ഇവന്റ് ആയിരിക്കാം എന്നാണ് പോർച്ചുഗൽ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്തിലെ ഗവേഷകർ പറയുന്നത്. 1950 കളിൽ, പരീക്ഷണശാലകളിൽ സൂക്ഷിച്ചിരുന്ന കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയ ഈ രോഗം 1971 ലാണ് ആദ്യമായി മനുഷ്യരിൽ കണ്ടെത്തുന്നത്. ആദ്യകാലങ്ങളീൽ ഈ രോഗം പിടിപെട്ട 10 പേരിൽ ഒരാൾ വീതം മരണമടഞ്ഞിരുന്നപ്പോൾ ഇന്നത് 100 പേരിൽ ഒരാൾ എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്.

കുരങ്ങുപനിയുടെ ഇൻകുബേഷൻ പിരീഡ് 21 ദിവസമാണ്. അതായത്, ആദ്യമായി വൈറസ് ശരീരത്തിൽ ബാധിച്ചതിനു ശേഷം ലക്ഷണങ്ങൾ പുറത്തുകാട്ടാൻ 21 ദിവസങ്ങൾ വരെ എടുത്തേക്കാം. പനി, തലവേദന, പേശീ വേദന, പുറം വേദന, ലിംഫ്നോയ്ഡുകളിലെ വീക്കം, കുളിര് തുടങ്ങിയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചുവന്ന തണിർപ്പുകളും പ്രത്യക്ഷപ്പെടാം. ചിക്കൻപോക്സിനും സിഫിലീസിനും സമാനമായ രീതിയിലുള്ള തണിർപ്പുകളും കുമിളകളുമായിരിക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുക.

കുരങ്ങുപനി മൂന്നാഴ്‌ച്ച കൊണ്ട് ചികിത്സിച്ചു ഭേദമാക്കാം എന്നത് മിഥ്യാധാരണയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏറ്റവും മോശം സാഹചര്യങ്ങളിൽ ശരീരത്തിലെ തണിർപ്പുകൾ പൂർണ്ണമായും അപ്രത്യക്ഷമാകാൻ പത്ത് ആഴ്‌ച്ചകൾ വരെ എടുത്തേക്കാം എന്നാണ് അവർ പറയുന്നത്. 2018- നും 2021 നും ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്താണ് അവർ ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് എഴുപത്തൊന്ന് ബ്രിട്ടീഷുകാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ സ്വവർഗ രതിയിൽ താത്പര്യമുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയർന്ന് കാണുന്നത് ഇത് ലൈംഗിക ബന്ധം വഴി പടരുന്നു എന്ന നിഗമനത്തിന് അടിവരയിടുന്നു. വിശകലനത്തിന് വിധേയമാക്കിയ കേസുകളിൽ ബ്രിട്ടനിലെ ഒരു 40 കാരൻ പൂർണ്ണമായും രോഗമുക്തി നേടാൻ 76 ദിവസം എടുത്തു എന്ന് രേഖകൾ കാണിക്കുന്നു.

എന്നാൽ, അത് രോഗം വീണ്ടും ബാധിക്കുകയായിരുന്നു എന്നു ചില വിദഗ്ദർ പറയുന്നു. കുരങ്ങുപനി ബാധിച്ചെത്തിയ അയാളെ ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം രോഗമുക്തി കൈവന്നതോടെ വീട്ടിലേക്ക് അയച്ചുവെന്നും പിന്നീട് ആറാഴ്‌ച്ചകൾ കഴിഞ്ഞ് ലൈംഗിക ബന്ധത്തിലൂടെ അയാൾക്ക് രോഗം വീണ്ടും ബാധിക്കുക്യായിരുന്നു എന്നുമാണ് ഇവർ പറയുന്നത്. എന്നാൽ ഈ വ്യക്തി ആരെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല എന്നു മാത്രമല്ല, രോഗം വീണ്ടും ബാധിച്ചതാണെന്ന വാദത്തിന് മതിയായ തെളിവുകളും ഇല്ല.