- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ മലയാളികൾക്ക് വീണ്ടുും കോടികളുടെ സൗഭാഗ്യം; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് ഏഴ് കോടി 75 ലക്ഷം രൂപ വീതം സമ്മാനം: മലയാളികളെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളികൾക്ക് വീണ്ടും കോടികളുടെ സൗഭാഗ്യം. ഇത്തവണ രണ്ട് മലയാളികളെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഇരുവർക്കും ഏഴ് കോടി 75 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അബുദാബിയിൽ വർക് ഷോപ്പ് സൂപ്പർവൈസറായ കണ്ണൂർ സ്വദേശി ജോൺസൺ ജേക്കബ് (46), രാഹുൽ രമണൻ എന്നിവരാണ് കോടിപതികളായത്. ഇരുവർക്കും ഏഴു കോടി എഴുപതിയഞ്ചു ലക്ഷത്തിലേറെ രൂപ (10 ലക്ഷം ഡോളർ) വീതം ലഭിക്കും.
ജോൺസൺ ജേക്കബിന് സമ്മാനം ലഭിച്ചത് 390-ാം സീരീസിലെ 4059-ാം നമ്പർ ടിക്കറ്റിനാണ്. ടിക്കറ്റെടുക്കാൻ പങ്കാളിയായ കുടുംബസുഹൃത്തുമായി സമ്മാനത്തുക പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 13ന് ഓൺലൈൻ വഴിയാണ് ടിക്കറ്റെടുത്തത്. 15 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന ഇദ്ദേഹം നേരത്തെ എട്ട് തവണ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
രാഹുൽ രമണനെ ഭാഗ്യ ദേവത കനിഞ്ഞത് 389-ാം സീരീസ് നറുക്കെടുപ്പിലാണ് . ഏപ്രിൽ 30ന് ഓൺലൈനിലൂടെയാണ് ടിക്കറ്റ് (നമ്പർ0595) എടുത്തത്. 1999 ൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതുമുതൽ ഒന്നാം സമ്മാനം ലഭിക്കുന്ന 189-ാമത്തെ ഇന്ത്യക്കാരനാണ് രാഹുൽ. ജോൺസൺ 190-ാമത്തേതും. ഇന്ത്യക്കാർ പ്രത്യേകിച്ചും മലയാളികളാണ് കൂടുതലും ഭാഗ്യപരീക്ഷണം നടത്തുന്നത്. അതിനാൽ തന്നെ നിരവധി ഇന്ത്യക്കാരെ തേടി കോടികളുടെ സമ്മാനം എത്താറുമുണ്ട്.
അടുത്തിടെ നടന്ന 388-ാമത്തെ നറുക്കെടുപ്പിൽ മലയാളിയായ സുനിൽ ശ്രീധരനായിരുന്നു ഒന്നാം സമ്മാനം. അദ്ദേഹം ഇന്ന് നേരിട്ടെത്തി സമ്മാനത്തുകയുടെ ചെക്ക് കൈപ്പറ്റി. മുൻപ് രണ്ടു തവണ ഇദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടിയിരുന്നു. ഒരിക്കൽ ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളറും രണ്ടാം തവണ റേഞ്ച് റോവർ കാറുമായിരുന്നു സമ്മാനം.
ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ മുംബൈക്കാരനായ ജിതേന്ദ്ര ശർമ മെഴ്‌സിഡസ് എസ് 500 കാറും മലയാളിയായ നഫ്‌സീർ ചേലൂർ ബിഎംഡബ്ല്യു എസ് 1000 മോട്ടോർബൈക്കും സ്വന്തമാക്കി. പതിവായി ഭാഗ്യ പരീക്ഷണം നടത്തുന്ന ഈ 28കാരൻ കഴിഞ്ഞ 10 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.