ഷാർജ: ഷാർജയിൽ ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകനെ കാണാൻ ഷാർജയിലെത്തിയ മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അൽനബ്ബ ഏരിയയിലുള്ള മകന്റെ അപാർട്ട്‌മെന്റിലാണ് സംഭവം.

ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ആദ്യ വിവരം. പൊലീസിനെ വിവരം അറിയിച്ചതും മകനാണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം മരണ കാരണം വ്യക്തമല്ല.

ഷാർജ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഒട്ടോപ്‌സിക്കായി ഫൊറൻസിക് ലാബിലേക്കും അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അൽ ഗർബ് പൊലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.