മ്മൂട്ടി ശരിക്കും ഒരു രാജമാണിക്യമെന്ന് അൽഫോൻസ് പുത്രൻ. അദ്ദേഹത്തിന്റെ റേഞ്ച് ഹോളിവുഡ് നടന്മാരായ ക്ലിന്റ് ഈസ്റ്റ്‌വുഡിനേക്കാളും റോബർട്ട് ഡി. നിറോയേക്കാളും ആൽപച്ചീനോയേക്കാളും ഏറെ മുകളിലാണെന്ന് താൻ കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒരാളാണ് നടൻ മമ്മൂട്ടിയെന്നും അൽഫോൻസ് പുത്രൻ. ഭീഷ്മപർവത്തെ അഭിനന്ദിച്ചുകൊണ്ട് അൽഫോൻസ് എഴുതിയ കുറിപ്പ് ചർച്ചയായതിനു പിന്നാലെയായിരുന്നു മമ്മൂട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ പ്രശംസ.

'മഹത്തരമായ ഒരു കലാസൃഷ്ടിയാണ് ഭീഷ്മപർവം. ചിത്രത്തിന്റെ കാസ്റ്റ് ആൻഡ് ക്രൂവിന് ബഹുമാനവും സ്‌നേഹവും. അമൽ നീരദും ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.' ഭീഷ്മപർവത്തെ അഭിനന്ദിച്ചുകൊണ്ടു അൽഫോൻസ് പുത്രൻ കുറിച്ചു. ആരാധകർ ഉൾപ്പടെ നിരവധിപേർ അൽഫോൻസിന്റെ കമന്റിൽ പ്രതികരണങ്ങളുമായി എത്തി.

എന്നാൽ രാജേഷ്ബാബു രാമലിംഗം എന്ന തമിഴ് ആരാധകന്റെ കമന്റ് മമ്മൂട്ടിയെക്കുറിച്ചായിരുന്നു. 'സർ, ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി സർ. ഓരോ സിനിമയിലും കഥാപാത്രത്തിന് ജീവനും ആത്മാവും നൽകുന്ന അപൂർവം നടന്മാരിൽ ഒരാൾ. സ്റ്റാർഡം ഇല്ലാത്ത അദ്ഭുത മനുഷ്യൻ. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും'. ഇതിനു മറുപടിയായി അൽഫോൻസ് പുത്രൻ കുറിച്ചാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ ഏറ്റെടുക്കുന്നത്.

'രാജേഷ്ബാബു രാമലിംഗം നിങ്ങൾ വളരെ ശരിയായി പറഞ്ഞു. ക്ലിന്റ് ഈസ്റ്റ്‌വുഡിനേക്കാളും റോബർട്ട് ഡി. നിറോയേക്കാളും ആൽപച്ചീനോയേക്കാളും ഏറെ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നു ഞാൻ കരുതുന്നു. എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും മാത്രമല്ല ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.'അൽഫോൻസ് മറുപടിയായി കുറിച്ചു.