- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരങ്ങുപനി ലോകം മുഴുവൻ വ്യാപിക്കുമെന്ന് ഉറപ്പായി; വസൂരിക്കെതിരെയുള്ള വാക്സിൻ എടുത്തവർ സുരക്ഷിതർ; പാശ്ചാത്യ രാജ്യങ്ങളിൽ 50 കഴിഞ്ഞവർക്ക് മാത്രം സുരക്ഷ; പി പി ഇ കിറ്റും വാക്സിൻ നിർമ്മാണവുമായി ലാഭമുണ്ടാക്കാൻ ചൈന
വസൂരിയെന്ന മാഹാ രോഗത്തെ നാടുകടത്തിയതോടെ ആശ്വാസമുതിർത്ത ലോകത്തിന് അതേ കുലത്തിൽ നിന്നെത്തുന്ന മറ്റൊരു രോഗം ഭീഷണിയാവുകയാണ്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന രോഗം അധികം താമസിയാതെ ലോകമാകമാനം പടരും എന്നാണ് വിദഗ്ദർ പറയുന്നത്. 1970 വരെ ബ്രിട്ടീഷുകാർക്ക് കൃത്യമായ ഇടവേളകളിൽ വസൂരിക്കെതിരെയുള്ള വാക്സിൻ നൽകിയിരുന്നു. പിന്നീട് അത് ആവശ്യമില്ലാതെ ആയതോടെ നിർത്തലാക്കുകയായിരുന്നു. ഇതേ വാക്സിൻ കുരങ്ങുപനിയെ തടയാൻ85 ശതമാനം വരെ കെല്പുള്ളതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. രണ്ടു രോഗങ്ങളുടെയും കാരണക്കാരായ വൈറസുകൾ സമാന ഘടനയും സ്വഭാവവും ഉള്ളതായതിനാലാണിത്.
വസൂരിയുടെ വാക്സിൻ നൽകുന്നത് നിർത്തലാക്കിയതോടെ ഇത്തരം വൈറസുകൾക്കെതിരെയുള്ള മനുഷ്യരുടെ പ്രതിരോധശേഷി തീരെ ഇല്ലാതായതായും, അതിനാൽ ഏറെ താമസിയാതെ ഈ രോഗം ആഗോളതലത്തിൽ തന്നെ വ്യാപിക്കും എന്നുമാണ് പാരിസിലെ പാസ്റ്റർ ഇൻസ്റ്റിറ്റിയുട്ടിലെ ഗവേഷകനായ ഡോ. റോമുലസ് ബ്രെബാൻ പറയുന്നത്. ലോകത്ത് ഇതുവരെ 19 രാജ്യങ്ങളിലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി പശ്ചിമാഫ്രിക്കയിലും മദ്ധ്യാഫ്രിക്കയിലും മാത്രം കണ്ടുവന്നിരുന്ന ഈ രോഗത്തെ കുറിച്ചുള്ള ആശങ്ക അതോടെ വർദ്ധിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യമനുസരിച്ച് 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് കുരങ്ങുപനിയിൽ നിന്നും സംരക്ഷണമുള്ളത്. ഇവർക്ക് വസൂരിക്കുള്ള വാക്സിൻ ലഭിച്ചിട്ടുണ്ട് എന്നതാണ് കാരണം. കാലം കഴിയുന്തോറും ശക്തി ക്ഷയിക്കുമെങ്കിലും വസൂരിയുടെ വാക്സിന്റെ പ്രഭാവം ദീർഘകാലം നിലനിൽക്കുന്നതാണ്. ചിലപ്പോൾ പതിറ്റാണ്ടുകൾ വരെ ഈ വാക്സിന്റെ പ്രഭാവം നിലനിന്നേക്കാം എന്നും ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്.
നിലവിലുള്ള രോഗവ്യാപനം ആരംഭിക്കുന്നതിനു മുൻപ് തന്നെ ആഫ്രിക്കയിൽ രോഗവ്യാപനം വർദ്ധിക്കുന്നതായി ചില കണക്കുകൾ പുറത്തുവന്നിരുന്നു. 1980 നും 2000 നും ഇടയിൽ രോഗവ്യാപന തോത് 20 ഇരട്ടിയായി വർദ്ധിച്ചതായി ചില പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ജനസംഖ്യ വർദ്ധിച്ചതും, രോഗബാധിതരായ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വർദ്ധിച്ചതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. നിലവിലെ വ്യാപനത്തിൽ മെയ് 6 ന് ബ്രിട്ടനിൽ ആദ്യ രോഗിയെ കണ്ടെത്തിയതിനു ശേഷം ആഗോള തലത്തിൽ ഇതുവരെ 221 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്.
യു എ ഇ, ചെക്ക് റിപ്പബ്ലിക്ക്, സോൾവേനിയ എന്നീ രാജ്യങ്ങളിലാണ് അവസാനമായി കുരങ്ങുപനിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ബെൽജിയത്തിൽ ഒരു ഉത്സവാഘോഷത്തിൽ പങ്കെടുത്തു തിരിച്ചു വന്ന വ്യക്തിയിലാണ് ചെക്ക് റിപ്പബ്ലിക്കിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 5 മുതൽ 8 വരെ ബെല്ജിയത്തിൽ നടന്ന ഡാർക്ക്ലാൻഡ്സ് എന്ന ലൈംഗികാത്സവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
സോൾവേനിയയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് കാനറി ദ്വീപുകളിൽ നിന്നും തിരിച്ചെത്തിയ വ്യക്തിയിലായിരുന്നു. ഏകദേശം 80,000 പേർ പങ്കെടുത്ത ഗ്രാൻ കനേറിയൻ ഗേ പ്രൈഡ് ഫെസ്റ്റിവൽ മെയ് 5 മുതൽ 15 വരെ ഇവിടെ നടന്നിരുന്നു. ഇതിൽ പങ്കെടുത്ത പലർക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. യു എ ഇയിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് പശ്ചിമാഫ്രിക്കയിൽ നിന്നും സന്ദർശനത്തിനെത്തിയ 29 കാരിയായ ഒരു യുവതിയിലാണ്.
അതേസമയം, ഇംഗ്ലണ്ടിൽ ഇന്നലെ 14 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽ മൊത്തം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 71 ആയി.
ഓണത്തിനിടയിൽ പുട്ടുകച്ചവടവുമായി ചൈന
ലോക ദുരന്തങ്ങളെ സമ്പത്താക്കി മാറ്റുന്നതിൽ ചൈനയോളം വിരുത് ആരും കാണിച്ചിട്ടില്ല. കോവിഡ് കാലത്ത്പി പി ഇ കിറ്റുകളും മാസ്‌കുകളും മറ്റും ഏറെ കയറ്റുമതി ചെയ്ത് കോടികൾ സമ്പാദിച്ച ചൈന ഇപ്പോൾ കുരങ്ങുപനിയേയും സുവർണ്ണാവസരമായി കണ്ടിരിക്കുന്നു. കുരങ്ങുപനിക്കുള്ള ടെസ്റ്റ് കിറ്റുകളും വാക്സിനുകളും വൻതോതിൽ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ ചൈനീസ് കമ്പനികൾ എടുത്തു കഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസിനെ കണ്ടെത്താനുള്ള ന്യുക്ലിക് ആസിഡ് ടെസ്റ്റ് കിറ്റുകൾ നിരവധി ലബോറട്ടറികളിൽ തയ്യാറായിക്കഴിഞ്ഞു. അതേസമയം, ചൈനയിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഒരു വർഷത്തിനുള്ളിൽ ഇതിനെതിരായ വാക്സിൻ തയ്യാറാക്കാൻ കഴിയുമെന്നാണ് ചൈനയിലെ വിദഗ്ദർ പറയുന്നത്. ചൈനീസ് സർക്കാരിന്റെഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് ആണ് ന്യുക്ലിക് ആസിഡ് ടെസ്റ്റ് കിറ്റുകൾ തയ്യാറാക്കിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.
മറുനാടന് ഡെസ്ക്