വിക്ടോറിയയ്ക്ക് പിന്നാലെ ക്വീൻസ്ലാന്റും സ്വസ്തിക ഉൾപ്പടെയുള്ള നാസി ചിഹ്നങ്ങളുടെ പൊതു പ്രദർശനം നിരോധിക്കുന്നു. പ്രാദേശികമായി നിയോ-നാസി (നവ നാസിസം) പ്രവർത്തനങ്ങൾ അടുത്തിടെ വർധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

വർഗീയ പ്രചാരണങ്ങൾക്കും അക്രമങ്ങൾക്കും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വിദ്വേഷവും ഭയവും വളർത്തുന്ന ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ നാസി ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കും.വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങൾക്ക് ഒഴികെ സ്വസ്തിക പോലുള്ള നാസി ചിഹ്നങ്ങളുടെ നിരോധനം ആണ് നടപ്പാക്കുന്നത്.

അതേസമയം, സ്വസ്തിക മതചിഹ്നങ്ങളായി ഉപയോഗിക്കുന്ന ഹിന്ദുക്കൾക്കും ബുദ്ധമത വിശ്വാസികൾക്കും ജൈനർക്കും ഇളവ് ഉണ്ടായിരിക്കും.കഴിഞ്ഞ വർഷം അവസാനം ബ്രിസ്ബനിലെ ഒരു സിനഗോഗിന് സമീപം ഒരാൾ ഉയർത്താൻ ശ്രമിച്ച നാസി പതാക പൊലീസ് പിടിച്ചെടുത്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു ട്രെയിനിന്റെ ഭിത്തിയിൽ സ്വസ്തിക ചിഹ്നം വരച്ചിട്ടതായും കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് നിയമനിർമ്മാണത്തിനൊരുങ്ങുന്നതെന്ന് സംസ്ഥാന പ്രീമിയർ അന്നാസ്റ്റാസിയ പറഞ്ഞു.

ദശലക്ഷക്കണക്കിന് ജനങ്ങളെ അതിക്രൂരമായി ഇല്ലാതാക്കിയതിനെ പ്രതിനിധീകരിക്കുന്ന തിന്മയുടെ ചിഹ്നമാണ് നാസി സ്വസ്തിക എന്നാണ് വിലയിരുത്തപ്പെടുന്നത്.'നാസിസം തിന്മയാണ്. നല്ല മനുഷ്യർ ഒന്നും ചെയ്യാതിരുന്നാൽ തിന്മ വിജയിക്കും. ഈ തിന്മയെ വളരാൻ അനുവദിക്കില്ലെന്നും നാസി ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടാൻ അർഹരാണെന്നും അവർ പാർലമെന്റിൽ പറഞ്ഞു.

നാസി, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ അപകടകരമായ പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിദ്വേഷ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള ശിപാർശകളാണ് സർക്കാർ അംഗീകരിച്ചത്.