- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ കോടതി ഇടപെട്ടതോടെ മെഡിക്കൽ സയന്റിസ്റ്റുകളുടെ പണിമുടക്ക് പിൻവലിച്ചു; വരുന്ന ആഴ്ച്ചകളിൽ ചർച്ചകളിൽ തീരുമാനം ഉണ്ടാക്കാനും നിർദ്ദേശം
ശമ്പള തുല്യത ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ സയന്റിസ്റ്റുകൾ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് താൽക്കാലികമായി നിർത്തിവെച്ചു. വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായി ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന ലേബർ കോടതിയുടെ ശുപാർശയെ തുടർന്നാണ് അടുത്തയാഴ്ചത്തെ മൂന്നു ദിവസത്തെ സമരം നിർത്തിവെയ്ക്കാനുള്ള മെഡിക്കൽ ലബോറട്ടറി സയന്റിസ്റ്റ്‌സ് അസോസിയേഷന്റെ (എംഎൽഎസ്.എ) തീരുമാനം.
എച്ച്.എസ്.ഇ, ആരോഗ്യ വകുപ്പ്, എം എൽ എസ് എ യും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രശ്‌നപരിഹാരത്തിന് വഴി തുറക്കണമെന്നാണ് ലേബർ കോടതി നിർദ്ദേശിച്ചത്. ഈ സമയത്തിനുള്ളിൽ കരാറിലെത്തണമെന്നും അല്ലാത്ത പക്ഷം വിവരം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ ഈ വിഷയത്തിൽ ലേബർ കോടതി തീർപ്പുണ്ടാകും. അത് എല്ലാ കക്ഷികൾക്കും ബാധകമായിരിക്കുമെന്നും കോടതി പറഞ്ഞു.
ഒരേ ജോലി ചെയ്യുന്ന ലബോറട്ടറികളിലെ സഹപ്രവർത്തകർക്ക് തത്തുല്യമായ ശമ്പളത്തിനായി 20 വർഷമായി മെഡിക്കൽ സയന്റിസ്റ്റുകൾ ആവശ്യപ്പെടുകയാണ്. ആശുപത്രി ലബോറട്ടറികളിലെ സഹപ്രവർത്തകരേക്കാൾ എട്ട് ശതമാനം കുറഞ്ഞ ശമ്പളമാണ് മെഡിക്കൽ സയന്റിസ്റ്റുകൾക്ക് ലഭിക്കുന്നത്.
മെഡിക്കൽ സയന്റിസ്റ്റുകൾക്ക് ശമ്പള തുല്യത കൊണ്ടുവരണമെന്ന് 2001ൽ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. 2002 ജൂണിലെ ആദ്യത്തെ പേ പരിഷ്‌കരണത്തിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല.