അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്തുനിന്ന് കണ്ടെയ്നറിൽ കടത്തിയ 56 കിലോ കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) പിടിച്ചെടുത്തു. കണ്ടെയ്നറിൽ ഇറക്കുമതി ചെയ്ത മറ്റുസാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചനിലയിലാണ് കൊക്കെയ്ൻ സൂക്ഷിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്തുനിന്നെത്തിയ കണ്ടെയ്നറിൽനിന്ന് കൊക്കെയ്ൻ പിടികൂടിയത്. കഴിഞ്ഞമാസം ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്ന് 1300 കോടി രൂപയുടെ ഹെറോയിൻ ഡി.ആർ.ഐ. പിടികൂടിയിരുന്നു.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്തുനിന്ന് 21000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിൽനിന്ന് കടത്തിയ 3000 കിലോ ഹെറോയിനാണ് രണ്ട് കണ്ടെയ്നറുകളിൽനിന്നായി പിടികൂടിയിരുന്നത്.