- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധനുഷിന്റെ യഥാർത്ഥ മാതാപിതാക്കളാണെന്ന വാദം; പത്ത് കോടിയുടെ മാനനഷ്ടകേസ് നിയമപരമായി നേരിടുമെന്ന് വൃദ്ധ ദമ്പതികൾ
ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പത്ത് കോടിയുടെ മാനനഷ്ടകേസ് നിയമപരമായി നേരിടുമെന്നും വൃദ്ധ ദമ്പതികളായ കതിരേശനും മീനാക്ഷിയും. മാതാപിതാക്കളാണെന്ന കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നും ധനുഷിന്റെ അഭിഭാഷകൻ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞയാഴ്‌ച്ചയാണ് നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണം.
സിനിമാ താരം ധനുഷിന്റെ യഥാർത്ഥ മാതാപിതാക്കളാണെന്ന വാദവുമായാണ് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികൾ രംഗത്തെത്തിയത്. ട്രാൻസ്‌പോർട് ബസ് മുൻ ഡ്രൈവർ കതിരേശൻ, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്.
ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാർത്ഥ മാതാപിതാക്കളായ തങ്ങൾക്ക് ചെലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നൽകണമെന്നും കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. തങ്ങളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ധനുഷ് എന്നും മകനെ കസ്തൂരി രാജ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് ദമ്പതികളുടെ വാദം.
2017 ലാണ് മധുരൈയിലെ കോടതിയിൽ ദമ്പതികൾ ഹർജി നൽകിയത്. എന്നാൽ, പിന്നീട് ഹൈക്കോടതി കേസ് തള്ളിയിരുന്നു. ധനുഷിന്റെ ജനന സർട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചായിരുന്നു മദ്രാസ് ഹൈക്കോടതി കേസ് തള്ളിയത്.
പിന്നീട്, മധുരൈ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച കതിരേശൻ ധനുഷിന്റെ പിതാവ് കസ്തൂരി രാജ വ്യാജ രേഖകളാണ് കോടതിയിൽ സമർപ്പിച്ചതെന്ന വാദിച്ചു. എന്നാൽ 2020 ൽ ഈ കേസും കോടതി തള്ളി.
തുടർന്നാണ് വിധി തള്ളിയ നടപടിക്കെതിരെ കതിരേശൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ വർഷം ഏപ്രിൽ 22 ന് ഹൈക്കോടതി കേസ് തള്ളി.
ഇതിനു ശേഷമാണ് ധനുഷ് ദമ്പതികൾക്ക് നോട്ടീസ് അയച്ചത്. തന്റെ പിതാവ് കസ്തൂരി രാജയോട് മാപ്പ് ചോദിക്കണമെന്നും ഭാവിയിൽ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കരുതെന്നും ആവശ്യപ്പെട്ടാണ് ധനുഷ് നോട്ടീസ് നൽകിയത്. അഭിഭാഷകൻ ഹാജ മൊഹിദ്ദീൻ ഗിസ്തിയാണ് ധനുഷിന് വേണ്ടി നോട്ടീസ് അയച്ചത്. എന്നാൽ, തങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനു നൽകിയ മറുപടിയിൽ ധനുഷ് നോട്ടീസ് പിൻവലിക്കണമെന്നാണ് ദമ്പതികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദം പിൻവലിക്കില്ലെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും കതിരേശൻ അഭിഭാഷകൻ മുഖേന അറിയിച്ചു.




