- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സഹോദരൻ ഒരു യാത്രികനാണ്; അസർബൈജാനിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിച്ചു; രണ്ടാഴ്ചയിലേറെയായി വിവരമില്ല'; ഇരുപത്തെട്ടുകാരനെ കാണാനില്ലെന്ന പരാതിയുമായി സഹോദരൻ
ന്യൂഡൽഹി: അസർബൈജാനിലേക്കു വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇരുപത്തെട്ടുകാരനെ കാണാനില്ലെന്ന പരാതിയുമായി സഹോദരൻ രംഗത്ത്. ഏപ്രിൽ 26ന് ഇന്ത്യയിൽനിന്നു പോയ മണികാന്തുകൊണ്ടവീട്ടിയെക്കുറിച്ച് രണ്ടാഴ്ചയിലേറെയായി വിവരങ്ങളൊന്നുമില്ലെന്നാണ് പരാതി. മെയ് 12നു ശേഷം വീട്ടുകാരുടെ വാട്‌സാപ് സന്ദേശങ്ങളോട് ഇയാൾ പ്രതികരിച്ചിട്ടില്ല.
സഹോദരൻ ധരൺ കൊണ്ടവീട്ടിയാണ് യുവാവിനെ കാണാതായ വിവരം ഹ്യൂമൻസ് ഓഫ് ബോംബെയുടെ സമൂഹമാധ്യമത്തിലെ പേജിൽ അറിയിച്ചത്. 'ഈ ചിത്രങ്ങളിൽ കാണുന്ന മണികാന്ത് എന്റെ സഹോദരനാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി മണികാന്തിനെക്കുറിച്ച് ഒരു വിവരവുമില്ല. എനിക്ക് ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ സാധിക്കുന്നില്ല. അവൻ എവിടെ എന്നതു മാത്രമാണു ചിന്ത' ധരൺ കുറിച്ചു.
''സഹോദരൻ ഒരു യാത്രികനാണ്. അവന്റെ സാഹസങ്ങളെക്കുറിച്ചു കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. അസർബൈജാനിലേക്ക് ഒറ്റയ്ക്ക് പോകുകയാണെന്നു കേട്ടപ്പോൾ എനിക്ക് ഉത്കണ്ഠയായിരുന്നു. പോകുന്നതിനു മുൻപ് അവൻ ഡൽഹിയിലെത്തി എന്റെ കൂടെ ഡിന്നർ കഴിക്കാൻ വന്നു. അടുത്ത ദിവസം ഞാനാണ് അവനെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടത്. അടുത്ത വട്ടം ഞാനും വരാം എന്നു പറഞ്ഞു.'
''മെയ് 12 വരെ മണികാന്ത് എല്ലാ ദിവസവും കുടുംബവുമായി സംസാരിച്ചിരുന്നു. എന്നാൽ അതിനു ശേഷം കാര്യങ്ങൾ മാറി. നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ടായിരിക്കാം സന്ദേശങ്ങൾക്കു മറുപടി നൽകാത്തത്. കുടുംബം അസർബൈജാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും പർവത പ്രദേശങ്ങളിലായിരിക്കാം മണികാന്ത് എന്ന മറുപടിയാണു ലഭിച്ചത്. മെയ് 13നു രാവിലെ ഒരു ഹോട്ടലിൽനിന്ന് അവന്റെ ബാഗ് കിട്ടിയെന്ന വിവരം ലഭിച്ചു.'
''13ന് അവന്റെ ഗൂഗിൾ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു നഗരത്തിന്റെ പ്രാന്തപ്രദേശത്താണെന്നാണ് അറിയാൻ സാധിച്ചത്' യുവാവ് കുറിച്ചു. അസർബൈജാനിലുള്ളവർ ഇക്കാര്യത്തിൽ സഹായിക്കണമെന്നും ധരൺ അഭ്യർത്ഥിച്ചു. കിഴക്കൻ യൂറോപ്പിനും പടിഞ്ഞാറൻ ഏഷ്യയ്ക്കും ഇടയിലുള്ള രാജ്യമാണ് അസർബൈജാൻ.




