- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേർ കസ്റ്റഡിയിൽ; പിടിയിലായവരിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും; പ്രതികളെ പിടികൂടിയത് വിവിധ ജില്ലകളിൽ നിന്നും; പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടൻ; വ്യാജ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ വിവിധ ജില്ലകളിൽ നിന്നും പിടിയിൽ. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.
പിടിയിലായതിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയുമുണ്ട്. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയായിരുന്ന ശിവദാസൻ കെടിഡിസി ജീവനക്കാരനുമാണെന്ന് പൊലീസ് അറിയിച്ചു.
വ്യാജപ്രൊഫൈലുണ്ടാക്കി ഇവർ ജോ ജോസഫിന്റെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലുള്ളവർക്ക് രാഷ്ട്രീയബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആസൂത്രിതമായ നീക്കം ഉണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കണ്ണൂർ, പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയിലുള്ളവരാണ് പിടിയിലായവർ. ഇവരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവർ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ അപ് ലോഡ് ചെയ്തതിന് ശേഷം വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി വിഡിയോ പ്രചരിപ്പിക്കുകയും പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിക്കുകയുമായിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ പ്രതിപക്ഷമാണെന്ന ആരോപണവുമായി എൽ.ഡി.എഫ്. രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയബന്ധം അടക്കം പൊലീസ് അന്വേഷിച്ചു വരികയാണ്.
ജോ ജോസഫിനെ അപകീർത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എൽഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോൺഗ്രസ് അനുകൂലികളായ സ്റ്റീഫൻ ജോൺ, ഗീത പി തോമസ് എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ജോ ജോസഫിനെ സമൂഹമധ്യത്തിൽ സ്വഭാവഹത്യ നടത്തുന്നതിനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഐടി ആക്ട് 67എ, 123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
എൽ.ഡി.എഫ്. നേതൃത്വത്തിന്റെ പരാതിയിൽ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് ശേഷമാണ് സൈബർ പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ട് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.
ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫും പരാതി നൽകിയിരുന്നു. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കൽ ഉൾപ്പെടെയുള്ളവരും വീഡിയോ പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി.
ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നിൽക്കുന്നവരാണ് എതിർപക്ഷത്തുള്ളവർ എന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് അവർ പറഞ്ഞു.''രാഷ്ട്രീയമായി എതിരിടാൻ കെൽപില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല.'' ദയ പാസ്‌കൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ