ഫോണുകൾ ഉപയോഗിച്ച്, വൈ ഫൈയുടെ സഹായത്താൽ ഇമേജുകളും സന്ദേശങ്ങളും അയക്കാൻ സഹായിക്കുന്ന സംവിധാനമാണ് എയർ ഡ്രോപ്പ്. ഇതിനായി സന്ദേശം സ്വീകരിക്കേണ്ട വ്യക്തിയുടെ നമ്പർ അറിയണമെന്നില്ല. അതിനാൽ തന്നെ പലപ്പോഴും അപരിചിതർക്ക് അപകടകരമായ സന്ദേശങ്ങൾ അയയ്ക്കുവാൻ ഈ സന്ദേശം ഉപയോഗിക്കാറുമുണ്ട്.

അടുത്ത കാലത്തായി, വിമാനങ്ങളിൽ ഇരുന്ന് ഈ സംവിധാനമുപയോഗിച്ച് വ്യാജ ഭീഷണി സന്ദേശം അയയ്ക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിഷ്‌കളങ്കമായ ഒരു തമാശമാത്രമാണ് അവർക്ക് ഇതെങ്കിലും പലപ്പോഴും വിമാനങ്ങൾ നിലത്തിറങ്ങാൻ ഇത് ഇടയാക്കിയിട്ടുണ്ട്. ചില സന്ദർഭങ്ങളിലെങ്കിലും ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ച കുട്ടികളെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞവർഷം ഒരു കൗമാരക്കാരൻ എയർ ഡ്രോപ് വഴി ഒരു തോക്കിന്റെ ചിത്രം ഒരു യാത്രക്കാരന് അയച്ചതിനാൽ, ആ കൗമരക്കാരനേയും കുടുംബത്തേയും യുണൈറ്റഡ് ഫ്ളൈറ്റിന്റെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടിരുന്നു. അതുപോലെ കഴിഞ്ഞ മാർച്ചിൽ വിമാനം റാഞ്ചുന്നതായി ഒരു യാത്രക്കാരൻ എയർഡ്രോപ് വഴി വ്യാജ സന്ദേശം അയച്ചതിനെ തുടർന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കുക മാത്രമല്ല, സുരക്ഷാ ഉദ്യോഗസ്ഥർ ആ വിമാനത്തെ വളയുകയും ചെയ്തിരുന്നു.

അന്വേഷണത്തിൽ കണ്ടെത്തിയത് ഒരു പത്തു വയസ്സുകാരനായിരുന്നു ആ സന്ദേശം അയച്ചത് എന്നായിരുന്നു. തുടർന്ന് ആ കുട്ടിയേയും ഒപ്പമുണ്ടായിരുന്ന അമ്മയേയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഈ മാസം ആദ്യം വിമാനാപകടത്തിന്റെ ഭീതദമായ ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ അയച്ചതിനെ തുടർന്ന് മറ്റൊരു യാത്രക്കാരന് ഹൃദയാഘാതമുണ്ടാവുകയും മറ്റൊരാൾക്ക് ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. തുടർന്ന് വിമാനം നിലത്തിറക്കുകയായിരുന്നു. പൈലറ്റ് അറിയിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഒൻപതുപേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും കൗമാരക്കാരായിരുന്നു.

എയർഡ്രോപ് ഉപയോഗിക്കുക എന്നത് കുട്ടികൾക്ക് വളരെ എളുപ്പമായ ഒന്നാണ്. ആർക്കാണ് അയക്കുന്നതെന്ന് അറിയില്ലെങ്കിൽ കൂടി ഒരു ബട്ടൺ ക്ലിക്ക് ചെയ്ത് ചിത്രങ്ങളോ സന്ദേശങ്ങളോ എളുപ്പത്തിൽ അയയ്ക്കാൻ കഴിയും. ഇത് ഒഴിവാക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം വിമാനത്തിൽ കയറുമ്പോൾ എയർ ഡ്രോപ്പ് ഓഫ് ചെയ്യുക എന്നതാണ്. അല്ലെങ്കിൽ, കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് മാത്രം സന്ദേശം അയയ്ക്കാവുന്ന വിധത്തിൽ അതിന്റെ സെറ്റിങ് ക്രമീകരിക്കണം.